ADVERTISEMENT

വാഷിങ്ടൻ ∙ ലോക പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ ലാറി കിങ് (87) അന്തരിച്ചു. ലൊസാ‍ഞ്ചലസിലെ ആശുപത്രിയിൽ കോവിഡ് അനന്തര പ്രശ്നങ്ങളുമായി ചികിത്സയിലായിരുന്നു. റേഡിയോ അവതാരകനായി തുടങ്ങിയ ലാറി കിങ് പിന്നീടു ടെലിവിഷൻ ടോക് ഷോകളുടെ സൂപ്പർ സ്റ്റാറായി മാറി. 1985 മുതൽ 2010 വരെ സിഎൻഎൻ ചാനലിൽ അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ ടോക് ഷോയിലൂടെയാണു ലോക പ്രശസ്തനായത്. അരലക്ഷം പേരെ ലാറി കിങ് അഭിമുഖം ചെയ്തുവെന്നാണു കണക്ക്.

‘ഏറ്റുമുട്ടുന്ന’ അഭിമുഖങ്ങളായിരുന്നില്ല ലാറി കിങ്ങിന്റേത്. ഷർട്ടിന്റെ കൈകൾ ചുരുട്ടി വച്ച്, പലനിറ ടൈകളും വള്ളിപ്പാന്റ്സും ധരിച്ച്, വലിപ്പമുള്ള കണ്ണടയുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട കിങ്ങിന്റെ ഫലിതവും പൊട്ടിച്ചിരിയും കമന്റുകളും പരിപാടിയെ വ്യത്യസ്തമാക്കി. ലോകനേതാക്കൾ, രാഷ്ട്രീയക്കാർ, കലാകാരന്മാർ തുടങ്ങി പ്രമുഖരുമായി 25 വർഷം തുടർച്ചയായി അഭിമുഖങ്ങൾ നടത്തി. റിച്ചഡ് നിക്‌സൻ മുതൽ ബറാക് ഒബാമ വരെയുള്ള എല്ലാ യുഎസ് പ്രസിഡന്റുമാരും നെൽസൺ മണ്ടേല, മിഖായേൽ ഗൊർബച്ചോവ്, വ്ലാഡിമിർ പുടിൻ, ദലൈലാമ തുടങ്ങിയ മിക്കവാറും ലോകനേതാക്കളും കിങ്ങിന്റെ പരിപാടിയിലെത്തി.

ദൈവവുമായി മാത്രമേ ലാറി ഇനി അഭിമുഖം നടത്താനുള്ളൂവെന്നു പറയാറുണ്ടായിരുന്നു. ഇതുവരെ ദൈവത്തെ അതിനു കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ അങ്ങേക്കൊരു മകനുണ്ടോ എന്നാണ് ആദ്യം ചോദിക്കുകയെന്നും ലാറി പറഞ്ഞിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും ‘ലാറി കിങ് ലൈവ്’ ഉൾപ്പെട്ടിട്ടുണ്ട്.
സിഎൻഎന്നിൽനിന്നുവിരമിച്ച ശേഷം സ്വന്തമായി വെബ്സൈറ്റും പിന്നീട് ഓറ ടിവി എന്ന സ്വന്തം ചാനലും നടത്തി. ഓറയിൽ ‘ലാറി കിങ് നൗ’, ‘പൊളിറ്റിക്കിങ് വിത്ത് ലാറി കിങ്’ എന്നീ പരിപാടികൾ അവതരിപ്പിച്ചു. 8 തവണ വിവാഹിതനായി. മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചതും ഇതിൽ ഉൾപ്പെടുന്നു.

English Summary: Larry King Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com