അബൂജ ∙ നൈജീരിയയിലെ നൈജർ സംസ്ഥാനത്തു സെക്കൻഡറി സ്കൂൾ ആക്രമിച്ച് ഒട്ടേറെ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. പട്ടാളക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ചൊവ്വാഴ്ച രാത്രി 2 മണിയോടെ സ്കൂളിലേക്ക് ഇരച്ചുകയറി വിദ്യാർഥികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്രമത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല.
ആയിരത്തോളം കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ ഒരു കുട്ടി വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുണ്ട്. ഒരു കുട്ടിയും ഒരു അധ്യാപകനും രക്ഷപ്പെട്ടു. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി സൈന്യത്തെ നിയോഗിച്ചു.
ബൊക്കോ ഹറം, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു വിഭാഗം എന്നിവ ശക്തമായ പ്രദേശമാണിത്. മോചനദ്രവ്യം മോഹിച്ച് തട്ടിക്കൊണ്ടുപോകൽ നടത്തുന്ന അക്രമിസംഘങ്ങളും ധാരാളമുണ്ട്. 2014ൽ ബൊക്കോ ഹറം ചിബോക്കിലെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 270 പെൺകുട്ടികളിൽ 100 പേരെക്കുറിച്ച് ഇനിയും വിവരമില്ല.
English Summary: Students kidnapped in Nigeria