എപ്പോൾ പറക്കും ചൊവ്വാ ഹെലികോപ്റ്റർ ?

TOPSHOT-US-MARS-SPACE-ASTROBIOLOGY
പേഴ്സീവിയറൻസ് ദൗത്യ സംഘത്തി‍ൽപ്പെട്ടവർ നാസയുടെ കലിഫോർണിയയിലെ ലബോറട്ടറിയിൽ വിജയാഹ്ലാദത്തിൽ.
SHARE

ന്യൂയോർക്ക്∙ ‘നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്ന ചൊവ്വയിലെ നിർണായകമായ അന്തരീക്ഷപ്രവേശനം തരണംചെയ്തു ജെസീറോ ക്രേറ്ററിൽ ഇന്നലെ പുലർച്ചെ 2.28ന് ഇറങ്ങിയതോടെ പെഴ്‌സിവീയറൻസ് റോവർ ദൗത്യം ആദ്യഘട്ടവിജയം തേടി. ഇനി ഞാൻ സ്ഥിരമായി താമസിക്കാൻ പോകുന്ന സ്ഥലം കണ്ടോ എന്ന അടിക്കുറിപ്പോടെ ചൊവ്വയുടെ ചിത്രം മാഴ്‌സ് റീകണൈസൻസ് ഓർബിറ്റർ എന്ന ഉപഗ്രഹം വഴി ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇനി പെഴ്‌സിവീയറൻസിന്റെ അടുത്ത ശ്രദ്ധേയദൗത്യം ഇൻജെന്യൂയിറ്റി എന്ന കുഞ്ഞൻ ഹെലികോപ്റ്റർ ചൊവ്വയിൽ പറത്തുന്നതാകും. ആദ്യമായാണു ചൊവ്വയുടെ അന്തരീക്ഷത്തിൽ ഒരു എയർക്രാഫ്റ്റ് പറത്തി നോക്കാൻ മനുഷ്യൻ ഒരുമ്പെടുന്നത്.

ഐഐടി മദ്രാസിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് നേടിയ, നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ റോബോട്ടിക്‌സ് വിദഗ്ധൻ ഡോ.ബോബ് ബലറാമാണ് ഇൻജെന്യൂയിറ്റി വികസിപ്പിച്ചെടുത്തത്. നിലവിൽ റോവറിന്റെ താഴെഭാഗത്താണ് 1.8 കിലോഗ്രാം ഭാരമുള്ള ഇൻജെന്യൂയിറ്റി സ്ഥിതി ചെയ്യുന്നത്. റോവറിൽ നിന്ന് ഊർജം ശേഖരിച്ച് ഹെലികോപ്റ്റർ ബാറ്ററി ചാർജ് ചെയ്യും. തുടർന്നു നാസയുടെ കൺട്രോൾ സെന്ററുമായി ബന്ധപ്പെടും. വിദഗ്ധർ വിലയിരുത്തിയ ശേഷമാകും പറക്കാൻ അനുമതി ലഭിക്കുക. ഇതിന് ഒരു മാസം വേണ്ടി വരും. ആദ്യ പറക്കലിനു 90 സെക്കൻഡ് ദൈർഘ്യമുണ്ടാകും. 15 അടി വരെ പറന്നുപൊങ്ങും. ചൊവ്വയിൽ പറക്കൽ സാധ്യമാണോ എന്നു കണ്ടെത്തുക മാത്രമാണ് ഇൻജെന്യൂയിറ്റിയുടെ ലക്ഷ്യം.

ഷെർലക്കും വാട്‌സനും

കോടിക്കണക്കിനു വർഷം മുൻപ് തടാകമുണ്ടായിരുന്ന ജെസീറോ മേഖലയിൽ ജീവന്റെ ശേഷിപ്പുകൾ അന്വേഷിക്കുകയാകും പെഴ്‌സിവീയറൻസിന്റെ ആദ്യദൗത്യം. വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി.രാമന്റെ പേരിലുള്ള രാമൻ സ്‌പെക്ട്രോസ്‌കോപി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഷെർലക് എന്ന ഉപകരണം മണ്ണിലെ ജൈവസാന്നിധ്യം വിലയിരുത്തുന്നതിൽ ശ്രദ്ധേയപങ്കു വഹിക്കും. 

  ഷെർലക് ഹോംസിനു ഡോ.വാട്‌സൻ എന്നതു പോലെ വാട്‌സൻ എന്ന ഒരു സവിശേഷ ക്യാമറ പെഴ്‌സിവീയറൻസിലെ ഷെർലക്കിനും സഹായിയായുണ്ട്. മോക്‌സി എന്ന മറ്റൊരു ഉപകരണം ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിൽ നിന്ന് ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന പരീക്ഷണവും നടത്തും. ഇതു സാധ്യമായാൽ ഭാവിയിൽ ചൊവ്വ കോളനി പോലുള്ള സ്വപ്നങ്ങൾക്ക് വലിയ ഊർജമാകും.

swathi

സ്വാതി പറഞ്ഞു: ‘ടച്ഡൗൺ കൺഫേംഡ്’

പെഴ്‌സിവീയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്റെ തത്സമയ വിഡിയോ കണ്ട എല്ലാവരുടെയും ശ്രദ്ധ, കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലിരുന്നു നീക്കങ്ങൾക്കു ചുക്കാൻ പിടിച്ച ഇന്ത്യക്കാരിയിലായിരുന്നു. ദൗത്യത്തിന്റെ ഗൈഡൻസ്,നാവിഗേഷൻ,കൺട്രോൾ ഓപ്പറേഷൻസ് മേധാവി ഡോ.സ്വാതി മോഹൻ (38). വിജയവാർത്ത ലോകത്തെ അറിയിച്ചതും സ്വാതി തന്നെ. ‘ടച്ഡൗൺ കൺഫേംഡ്’ എന്നു സ്വാതി സ്ഥിരീകരിച്ചതോടെ നാസ കൺട്രോൾ കേന്ദ്രത്തിൽ ആഹ്ലാദം അണപൊട്ടി.

ബെംഗളൂരുവിൽ ജനിച്ച സ്വാതി ഒന്നാം വയസ്സിലാണു യുഎസിൽ എത്തിയത്. കോണൽ സർവകലാശാലയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദവും എംഐടിയിൽ നിന്ന് പിജി, പിഎച്ച്ഡി ബിരുദങ്ങളം നേടി. 

നാസയുടെ കസീനിയിൽ തുടങ്ങിയതാണു സ്വാതിയുടെ ദൗത്യങ്ങൾ. 2013ലാണു പെഴ്‌സിവീയറൻസ് ദൗത്യത്തിൽ ഉൾപ്പെട്ടത്. സ്വാതിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന സാങ്കേതികവിദ്യയാണു പെഴ്‌സിവീയറൻസിനെ സുരക്ഷിതമായി ഉപരിതലത്തിലിറക്കിയത്.

ഡോ.സ്വാതി മോഹനോടു സംസാരിച്ചു മനോരമ തയാറാക്കിയ, അവരുടെ ജീവിതകഥ നാളെ ഞായറാഴ്ചയിൽ.

Content Highlights: Perseverance Rover mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA