ADVERTISEMENT

ഹൂസ്റ്റൻ ∙ ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും.

ദുരന്തമേഖല പ്രസിഡന്റ് സന്ദർശിച്ചേക്കും. അതിശൈത്യത്തെ തുടർന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂർണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാൽ ജലവിതരണവും തകരാറിലാണ്.

പ്രസിഡന്റിന്റെ നടപടിയെ ഗവർണർ ആബട്ട് സ്വാഗതം ചെയ്തു. എന്നാൽ, സംസ്ഥാനത്തെ 254 കൗണ്ടികളിൽ 77 എണ്ണം മാത്രം ദുരന്തബാധിതമായി പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടമാക്കി. 190 കൗണ്ടികളിലെ 143 ലക്ഷം ജനങ്ങൾ അതിശൈത്യത്തിന്റെ പിടിയിലാണെന്ന് ഗവർണർ പറഞ്ഞു.

ആർടിക് ഹിമക്കാറ്റ് മൂലം ടെക്സസിൽ താപനില ഇപ്പോഴും മൈനസ് 5.5 സെൽഷ്യസാണ്. എണ്ണശുദ്ധീകരണശാലകളുടെ പ്രവർത്തനം നിലച്ചതിനാൽ അവ വൻതോതിൽ പുറംതള്ളുന്ന വാതകങ്ങൾ അന്തരീക്ഷം മലിനമാക്കുന്നതും പ്രശ്നമായി. എക്സോൺ മൊബീലിന്റെ ഒരു പ്ലാന്റിൽ നിന്നു മാത്രം ഒരു ടൺ ബെൻസീനും 68000 ടൺ കാർബൺ മോണോക്സൈഡും പുറംതള്ളിയിട്ടുണ്ട്.

യുഎസിലെ അതിതീവ്ര കാലാവസ്ഥ, കഴിഞ്ഞ മാസം 20ന് അധികാരമേറ്റ ജോ ബൈഡൻ സർക്കാരിന് കനത്ത വെല്ലുവിളിയായിട്ടുണ്ട്. കൊറോണ വൈറസിനെതിരായ ഇനിയും വിജയിച്ചിട്ടില്ലാത്ത പോരാട്ടത്തിനിടെ അതിതീവ്ര കാലാവസ്ഥയിൽ ഈയിടെ യുഎസിൽ അറുപതിലേറെ പേർ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com