കൊളംബോ ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഉഭയകക്ഷി ചർച്ചകൾക്കായി ശ്രീലങ്കയിലെത്തി. വാണിജ്യം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെ സഹകരണം സംബന്ധിച്ച് അദ്ദേഹം ശ്രീലങ്കയിലെ ഭരണനേതൃത്വവുമായി ചർച്ച നടത്തും. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ലങ്ക സന്ദർശിക്കുന്ന ആദ്യ രാഷ്ട്രത്തലവനാണ് ഇമ്രാൻ.
ഇരുരാജ്യങ്ങളിലും വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമ്മേളനത്തിൽ ഇമ്രാൻ പങ്കെടുക്കുന്നുണ്ട്. സുപ്രധാനമായ ഒട്ടേറെ ഉടമ്പടികളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കും.
ലങ്കൻ പാർലമെന്റിൽ ഇമ്രാൻ ഇന്നു പ്രസംഗിക്കാൻ പരിപാടിയുണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ അതു റദ്ദാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ താൽപര്യപ്രകാരമായിരുന്നു ഈ പരിപാടി ക്രമീകരിച്ചിരുന്നത്.
ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ ശ്രീലങ്കയ്ക്ക് നേട്ടങ്ങളുണ്ടാക്കാനാവുമെന്നും അതിനുള്ള സാധ്യതകൾ ചർച്ച ചെയ്തതായും ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇമ്രാൻ പറഞ്ഞു.