ADVERTISEMENT

ന്യൂയോ‍ർക്ക് ∙ ചൊവ്വയിൽ പെഴ്സിവീയറൻസ് ദൗത്യത്തിന്റെ ലാൻഡിങ് വിഡിയോകൾ നാസ പുറത്തിറക്കി. എച്ച്ഡി നിലവാരത്തിലുള്ള ഇവ ലോകമെങ്ങും തരംഗമായി. ചൊവ്വയുടെ ഉപരിതലത്തിൽ തൊടുന്നതിനു മുൻപായി ദൗത്യത്തിന്റെ സൂപ്പർ സോണിക് പാരഷൂട്ടുകൾ വിടരുന്നതും ഇറങ്ങുന്ന സ്ഥലമായ ജെസീറോ ക്രേറ്റർ മേഖലയിൽ നിന്നും ചുവന്ന പൊടി പറക്കുന്നതും വിഡിയോകളിൽ കാണാം.

നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലി‍ലാണു വിഡിയോകൾ ഉള്ളത്. ചൊവ്വയുടെ 360 ഡിഗ്രി കാഴ്ചാനുഭവം നൽകുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്.

പെഴ്സിവീയറൻസിലെ 25 ക്യാമറകളിൽ അഞ്ചെണ്ണമാണു ദൃശ്യങ്ങൾ പകർത്തിയത്.ഇതു കൂടാതെ ലാൻഡിങ് സമയത്തെ ശബ്ദങ്ങൾ, പെഴ്സിവീയറൻസിന്റെ മൈക്രോഫോണുകൾ പകർത്തിയതും പുറത്തു വിട്ടിട്ടുണ്ട്. ചൊവ്വയിലെ കാറ്റിന്റെ ശബ്ദവും ഇതിൽ കേൾക്കാം. ഇതാദ്യമായാണ് ചൊവ്വയിൽ നിന്നുള്ള ശബ്ദം പകർത്തുന്നത്.

കാണാം ഗ്രഹസംഗമം;  ഇന്നു മുതൽ മാർച്ച് 5 വരെ

ബുധൻ വ്യാഴവുമായും ശനിയുമായും ചങ്ങാത്തം സ്ഥാപിക്കുന്നതു കാണണോ? ഇന്നു മുതൽ മാർച്ച് 5 വരെ പുലരുംമുൻപേ ആകാശത്തേക്കു നോക്കിയാൽ കൗതുകകരമായ ഈ ഗ്രഹസംഗമം കാണാം.

ബുധൻ, വ്യാഴം, ശനി ഗ്രഹങ്ങളെയാണ് ഇന്നു മുതൽ ഒന്നിച്ചു കാണാനാകുക. സൂര്യോദയത്തിനു തൊട്ടുമുൻപു കിഴക്കേ ചക്രവാളത്തിനു തൊട്ടുതാഴെയായി (കിഴക്കിനും തെക്കുകിഴക്കിനും ഇടയിൽ)  ദൃശ്യമാകുമെന്നു ശാസ്ത്രസാഹിത്യകാരൻ എ. രാജഗോപാൽ കമ്മത്ത് പറഞ്ഞു.

വ്യാഴത്തിനും ശനിക്കും ഇടയിൽ ബുധനെ കാണാമെന്നതാണ് സംഗമത്തിന്റെ പ്രത്യേകത. ആദ്യം ബുധനും ശനിയുമാണ് ഉദിക്കുക. ഇന്നു മുതൽ 28 വരെ ഈ പ്രതിഭാസം കാണാം.

കാർമേഘങ്ങളില്ലെങ്കിൽ നഗ്നനേത്രങ്ങളാൽ കാണാനാകും. ബൈനോക്കുലർ ഉണ്ടെങ്കിൽ കൂടുതൽ വ്യക്തത ലഭിക്കും. 28നു ശേഷം ബുധൻ പതിയെ വ്യാഴത്തിനടുത്തേക്കു മാറും. മാർച്ച് 5 ആകുമ്പോഴേക്കും വ്യാഴവും ബുധനും അടുത്തെത്തും. ബുധൻ മങ്ങുന്നതാണു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com