ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതമാകുന്നു. പ്രക്ഷോഭകർക്കു നേരെ ഇന്നലെ നടന്ന പൊലീസ് വെടിവയ്പിൽ 18 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. നൂറുകണക്കിനാളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകരെ കടുത്ത നടപടികളുമായാണ് പൊലീസും പട്ടാളവും നേരിട്ടത്. കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും തുടരെ പ്രയോഗിച്ചിട്ടും പ്രക്ഷോഭകർ അടങ്ങുന്നില്ലെന്നു കണ്ട് നിഷ്കരുണം വെടിവയ്പിലേക്കു തിരിയുകയായിരുന്നു. പരുക്കേറ്റു വീണവരെ തല്ലിച്ചതയ്ക്കുന്നതും കാണാമായിരുന്നു. 2010നു മുൻപുള്ള പട്ടാള അടിച്ചമർത്തലിന്റെ ഓർമകളുണർത്തി നഗരവീഥികൾ യുദ്ധക്കളമായി.

യാങ്കൂണിൽ അതിരാവിലെ തന്നെ പ്രതിഷേധത്തിനിറങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്കു നേരെയാണ് ആദ്യം വെടിവയ്പുണ്ടായത്. രാവിലത്തെ സംഘർഷത്തിനുശേഷം വൈകിട്ട് നഗരത്തിൽ വീണ്ടും വൻ റാലി നടന്നു. ഇവിടെ അഞ്ചും ദവേയിയിലും മാൻഡലേയിലും മൂന്നു വീതവും പേരാണ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. പലർക്കും നെഞ്ചിലാണ് വെടിയേറ്റത്. ഒരു പൊലീസുകാരനും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി 75 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനാധിപത്യ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തുന്നതിൽ യുഎൻ ആശങ്ക അറിയിച്ചു. നിരായുധരായ ജനക്കൂട്ടത്തെ നിർദയം നേരിടുന്ന പൊലീസ്, സൈനിക നടപടിയെ പാശ്ചാത്യരാജ്യങ്ങളും വിമർശിച്ചു. ജനങ്ങളിൽ ഭീതിയുണർത്താൻ ലക്ഷ്യമിട്ടുള്ള ക്രൂരമായ നടപടികളാണ് സമരക്കാർക്കു നേരെ പ്രയോഗിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏഷ്യ ഡപ്യൂട്ടി ഡയറക്ടർ ഫിൽ റോബർട്സൻ പറഞ്ഞു.

English Summary: 18 Killed In Myanmar On Bloodiest Day Of Protests Against Coup

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com