ADVERTISEMENT

ലൊസാഞ്ചലസ് ∙ ചൈനീസ്–അമേരിക്കൻ സംവിധായിക ക്ലോയ് ഷാവോയുടെ ‘നൊമാഡ്‌ലാൻഡി’ നു മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം. മികച്ച നടനായി ബ്ലാക് പാന്തർ താരം ചാഡ്‌വിക് ബോസ്‌മാൻ, നടിയായി ആന്ദ്ര ഡേ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും രണ്ടാമത്തെ വനിതയുമാണു ക്ലോയ് ഷാവോ. തൊഴിൽ നഷ്ടമായതോടെ വാനിൽ താമസമാക്കേണ്ടിവരുന്ന സ്ത്രീയുടെ കഥ പറയുന്ന ‘നൊമാഡ്‍ലാൻഡ്’ വെനീസ് ചലച്ചിത്രമേളയിലും മികച്ച സിനിമയ്ക്കുള്ള ബഹുമതി നേടിയിരുന്നു. ‘ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലി ഹോളിഡേ’ യിലെ അഭിനയത്തിനു ഗായിക കൂടിയായ ആന്ദ്ര ഡേക്കു മികച്ച നടിക്കുള്ള പുരസ്കാരം അപ്രതീക്ഷിതമായി.

‘മാ റെയ്നീസ് ബ്ലാക്‌ബോട്ടം’ എന്ന സിനിമയിൽ സംഗീതജ്ഞനായ ലെവീയെ സാഷാത്കരിച്ച ചാഡ്‌വിക് ബോസ്‌മാനു മികച്ച നടനുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി. ബോസ്മാൻ അഭിനയിച്ച അവസാന സിനിമയാണിത്. അർബുദബാധിതനായ ബോസ്മാൻ 43–ാം വയസ്സിൽ‌ കഴിഞ്ഞവർഷമാണു വിടവാങ്ങിയത്.

‘ബോറാത്–2’ ഒരുക്കിയ സാഷാ ബറോൻ കോയെൻ മികച്ച നടനുള്ള (കോമഡി) പുരസ്കാരം നേടി. ‘ഐ കെയർ എ ലോട്ട് ’എന്ന സിനിമയിലെ അഭിനയത്തിനു റോസമണ്ട് പൈക് മികച്ച നടിയും (കോമഡി). മികച്ച സഹനടൻ: ഡാനിയേൽ കുലൂയ, സഹനടി: ജോഡി ഫോസ്റ്റർ. നാലാം വട്ടമാണു ഫോസ്റ്റർക്കു സഹനടി പുരസ്കാരം.  കൊറിയൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന ‘മിനാരി’ മികച്ച വിദേശ സിനിമയ്ക്കുള്ള ബഹുമതി നേടി. സംവിധാനം: ലീ ഐസക് ചുങ്. ദ് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നൽകുന്നത്.

നെറ്റ്ഫ്ലിക്സിന് നേട്ടമായി ‘ദ് ക്രൗൺ’

ഗോൾഡൻ ഗ്ലോബിൽ സിനിമ വിഭാഗത്തിൽ നാലും ടിവി വിഭാഗത്തിൽ ആറും പുരസ്കാരങ്ങൾ നേടി നെറ്റ്ഫ്ലിക്സ് ഒന്നാമതെത്തി. 

ഡയാന രാജകുമാരിയുടെ ജീവിതം ആധാരമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ടിവി പരമ്പര ദ് ക്രൗൺ 4 പുരസ്കാരങ്ങൾ നേടി– മികച്ച പരമ്പര, മികച്ച നടി, നടൻ, സഹനടി (ഡ്രാമ). മികച്ച ടിവി സിനിമയ്ക്കുള്ള അവാർഡ് ‘ദ് ക്വീൻസ് ഗാംബിറ്റ്’ നേടി. ഇതിൽ നായികയായ അനിയ ടെയ്‌ലർ ജോയി മികച്ച നടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com