സൂയസിന് ‘മോചനം’; ആശ്വാസത്തിൽ ലോകം

EGYPT-SUEZCANAL/SHIP
വീണ്ടും യാത്ര... സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർഗിവൺ കപ്പൽ, നേരെയായതിനു ശേഷം ടഗ്ബോട്ടുകളുടെ സഹായത്തോടെ മുന്നോട്ടു നീങ്ങുന്നു.
SHARE

കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ‘എവർ ഗിവൺ’ കപ്പൽ നീക്കാൻ കഴി‍ഞ്ഞതോടെ ഏഷ്യ– യൂറോപ്പ് ചരക്കു നീക്കത്തിന്റെ തടസ്സം നീങ്ങിയ ആശ്വാസത്തിൽ ലോകം. ഗതാഗതം പുനഃസ്ഥാപിച്ചതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്മിറൽ ഒസാമ റാബി പറഞ്ഞു. ഡച്ച് സ്ഥാപനമായ സ്മിത് സാൽവേജിന്റെ സഹായത്തോടെയാണു കപ്പൽ വലിച്ചു നീക്കിയത്. ഏഷ്യയെ യൂറോപ്പുമായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കപ്പൽപാതയായ സൂയസ് കനാലിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണു തയ്‌വാൻ ആസ്ഥാനമായ എവർഗ്രീൻ ഗ്രൂപ്പിന്റെ ‘എവർ ഗിവൺ’ കപ്പൽ കുടുങ്ങിയത്.

ഇന്നലെ വൈകിട്ടോടെ കനാലിന്റെ വീതിയേറിയ തടാക ഭാഗത്തേക്കു കപ്പൽ മാറ്റിയെങ്കിലും ചരക്കുനീക്കം സാധാരണ നിലയിലെത്താൻ ഒരാഴ്ച പിടിക്കുമെന്നാണു സൂചന. ഇന്നലെ പുലർച്ചെയോടെയാണു ആദ്യകടമ്പ വിജയിച്ചത്. കപ്പലിന്റെ പിൻഭാഗം 102 മീറ്ററോളം വലിച്ചുനീക്കി കപ്പൽ നേർദിശയിലാക്കാൻ കഴി‍ഞ്ഞു. പ്രാദേശിക സമയം ഇന്നലെ 3 മണിയോടെ കപ്പലിനെ പൂർണമായി വലിച്ചുനീക്കാനുമായി. കപ്പലിനു തകരാറില്ലെന്നും എൻജിൻ പ്രവർത്തിക്കുന്നുണ്ടെന്നും കപ്പൽ അധികൃതർ വ്യക്തമാക്കി. ചരക്കുകൾക്കും കേടില്ല. എങ്കിലും വിശദപരിശോധനയ്ക്കു ശേഷമേ യാത്ര തുടരൂ.

കപ്പൽ അനങ്ങിത്തുടങ്ങിയതോടെ ടഗ് ജീവനക്കാർ ഹോണടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നേരത്തേ കപ്പലിനു ചുറ്റുമുള്ള 27,000 ക്യുബിക് മീറ്റർ മണ്ണ് ഡ്രജ് ചെയ്തു നീക്കിയിരുന്നു.പ്രതിസന്ധി പരിഹരിക്കുന്നതിൽ ഈജിപ്ത് വിജയിച്ചുവെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽസിസി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA