മ്യാൻമർ: ‘ചപ്പുചവറു സമര’വുമായി പ്രക്ഷോഭകർ; കടുപ്പിച്ച് പട്ടാളം

HIGHLIGHTS
  • സമരക്കാരെ നേരിടാൻ ഗ്രനേഡ് ലോഞ്ചർ; മരണം 512 ആയി
Myanmar
കുപ്പയിലെ പ്രതിഷേധം: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ യങ്കൂണിൽ മാലിന്യങ്ങൾ റോഡിൽ വിതറി നടത്തിയ പ്രതിഷേധം. ചിത്രം: റോയിട്ടേഴ്സ്
SHARE

യാങ്കൂൺ ∙ മ്യാൻമറിൽ ജനകീയപ്രക്ഷോഭം അടിച്ചമർത്താൻ പട്ടാള ഭരണകൂടം കടുത്ത നടപടികൾ ആരംഭിച്ചതോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോഡിൽ ചപ്പുചവറുകൂനകൾ നിറച്ച് പ്രക്ഷോഭകരുടെ പുത്തൻ ചെറുത്തുനിൽപ്. ഇവ നീക്കം ചെയ്യാനെത്തിയ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ ഇന്നലെ ഒരാൾ കൂടി കൊല്ലപ്പെട്ടു. തിങ്കളാഴ്ച 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞ മാസം ഒന്നിനു പട്ടാള അട്ടിമറിയെ തുടർന്നാരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 512 ആയി. സമരക്കാർക്കു നേരെ ഗ്രനേഡ് ലോഞ്ചർ പോലെ കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ പട്ടാളം പ്രയോഗിക്കുന്നതായി പരാതിയുണ്ട്. 

പട്ടാള ഭരണത്തിനെതിരായ പുതിയ സമരമുറയാണ് ചപ്പുചവറു പ്രക്ഷോഭമെന്നും എല്ലാവരും സഹകരിക്കണമെന്നും പ്രക്ഷോഭകർ ആഹ്വാനം ചെയ്തു. സമരക്കാർ മാലിന്യങ്ങൾ കൊണ്ടുവന്ന് തെരുവിൽ കുന്നുകൂട്ടുകയാണ്. കൂടുതൽ തദ്ദേശീയ സായുധ ഗോത്രവർഗ സംഘടനകൾ സമരക്കാർക്കു പിന്തുണ പ്രഖ്യാപിച്ചു. ഇവരെ നേരിടാൻ മ്യാൻമർ പട്ടാളം വനമേഖലയിൽ പലവട്ടം ബോംബാക്രമണം നടത്തി.

ന്യൂനപക്ഷ കരെൻ വംശജരുടെ സായുധ പ്രതിരോധ സംഘടനയായ കരെൻ നാഷനൽ യൂണിയന്റെ നിയന്ത്രണത്തിലുള്ള തായ് അതിർത്തിയിലെ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൈന്യം സർവസന്നാഹത്തോടെ ശ്രമം തുടങ്ങിയതിനെ തുടർന്ന് പതിനായിരക്കണക്കിനു കരെൻ വംശജർ തായ്‌ലൻഡിലേക്കു കഴിഞ്ഞ ദിവസങ്ങളിൽ പലായനം ചെയ്തു. ജനാധിപത്യ പ്രക്ഷോഭത്തിൽ പരുക്കേറ്റ ഒരു ഡസനോളം പേരും അതിർത്തി കടന്നതോടെ തായ് അതിർത്തിസേന ഇടപെട്ട് തിരിച്ചയയ്ക്കാൻ തുടങ്ങി. ജനകീയ സമരത്തെ ക്രൂരമായി അടിച്ചമർത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പട്ടാളത്തോട് അഭ്യർഥിച്ചു. 

ഭക്ഷണവും അഭയവും തടയുന്ന ഉത്തരവ് പിൻവലിച്ച് മിസോറം

ന്യൂഡൽഹി ∙ മ്യാൻമറിൽ നിന്ന് ഇന്ത്യയുടെ അതിർത്തി കടന്ന് മിസോറമിൽ എത്തിയവർക്ക് ഭക്ഷണവും അഭയവും നിഷേധിക്കാനുള്ള മിസോറം സർക്കാരിന്റെ ഉത്തരവ് പിൻവലിച്ചു. മ്യാൻമർ പൊലീസുകാർ ഉൾപ്പെടെ ആയിരത്തോളം പേർ പ്രക്ഷോഭത്തിനിടെ അഭയം തേടി മിസോറമിലെത്തിയിരുന്നു. കൂടുതൽ പേർ വരാൻ തുടങ്ങിയതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. അയൽ സംസ്ഥാനമായ മണിപ്പുരിലേക്കും അഭയാർഥികൾ എത്തുന്നുണ്ട്. ഇവരോട് തിരിച്ചുപോകാൻ ആവശ്യപ്പെടണമെന്ന് സർക്കാർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. 

English Summary: Myanmar garbage strike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA