ടോക്കിയോ ∙ നീല എൽഇഡി കണ്ടുപിടിച്ചു പ്രകാശംപരത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാകി (92) അരങ്ങൊഴിഞ്ഞു. നഗോയ യൂണിവേഴ്സിറ്റിയിലും പിന്നീടു മെയ്ജോ യൂണിവേഴ്സിറ്റിയിലും പ്രഫസറായിരുന്നു നൊബേൽ ജേതാവായ അകാസാകി. ഊർജക്ഷമതയുടെ പര്യായമായി മാറിയ ലൈറ്റ് എമിറ്റിങ് ഡയോഡ് (എൽഇഡി) വിപ്ലവത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു അദ്ദേഹം.
എൽഇഡി ചുവപ്പ്, പച്ച ഡയോഡുകളിലൊതുങ്ങി നിൽക്കെ സൂര്യവെളിച്ചത്തിനു തുല്യമായ പ്രകാശം ലഭിക്കാൻ വേണ്ട ‘നീലച്ചേരുവ’യായി നീല ഡയോഡുകൾ അവതരിപ്പിച്ചത് അകാസാകിയും ഹിറോഷി അമാനൊയും ഷുജി നകാമുറയും ഉൾപ്പെട്ട ശാസ്ത്രസംഘമായിരുന്നു. കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഗാലിയം നൈട്രൈഡ് അർധചാലകം (സെമികണ്ടക്ടർ) ഉപയോഗിച്ചായിരുന്നു ഇത്. ഈ കണ്ടുപിടിത്തത്തിനാണ് മൂവർക്കും 2014 ലെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്.