ADVERTISEMENT

വാഷിങ്ടൻ ∙ മനുഷ്യൻ ഭൂമിയുടെ അതിരുകൾ വിട്ടുള്ള കൂടുമാറ്റം തുടങ്ങുമ്പോൾ ആദ്യം ലക്ഷ്യം വയ്ക്കുന്ന ഗ്രഹം ചൊവ്വയാകാനാണ് എല്ലാ സാധ്യതയും. ഭാവിയിൽ ചൊവ്വയിൽ കോളനികൾ സ്വപ്നം കാണുന്നവരിൽ ശാസ്ത്രജ്ഞർ മുതൽ ഇലോൺ മസ്കിനെപ്പോലുള്ള വൻകിടക്കാർ വരെയുണ്ട്. ഇവർക്കെല്ലാം സന്തോഷമേകുന്ന വാർത്തയാണ് പെഴ്സിവീയറൻസ് നടത്തിയ മോക്സി പരീക്ഷണത്തിന്റെ വിജയം. മോക്സി ഒരു കരടുരൂപമാണ്, ഭാവിയിൽ ഇതിന്റെ ആയിരക്കണക്കിന് ഇരട്ടി ശേഷിയുള്ള ഓക്സിജൻ ഉൽപാദന യന്ത്രങ്ങൾ വന്നേക്കും.

ചെലവു കുറയ്ക്കും

ഭാവിയിൽ ഒരു നാലംഗ ദൗത്യ സംഘത്തെ ചൊവ്വയിലെത്തിച്ചശേഷം തിരികെക്കൊണ്ടുവരാൻ റോക്കറ്റിന് 7 ടൺ ഇന്ധനത്തിനൊപ്പം അതിനെ ജ്വലിപ്പിക്കാൻ 25 ടൺ ഓക്സിജനും വേണ്ടിവരും. നിലവിലെ അവസ്ഥയിൽ ഇത്രയും ഓക്സിജൻ ഭൂമിയിൽനിന്നു കൊണ്ടുപോകേണ്ടിവരും. എന്നാൽ കേവലം ഒരു ടൺ (1000 കിലോ) ഭാരമുള്ള ഒരു ഓക്സിജൻ ഉൽപാദനയന്ത്രം കൊണ്ടുപോയാൽ വേണ്ട അളവിലുള്ള ഓക്സിജൻ ചൊവ്വയിൽ നിർമിച്ച് ടാങ്കിൽ നിറച്ച് തിരിച്ചുപോരാം. 24 ടൺ ഭാരം ഇപ്രകാരം ലാഭിക്കാം. വിക്ഷേപണച്ചെലവു കുറയ്ക്കാൻ ഇതുവഴി കഴിയും.

അതോടൊപ്പം ചൊവ്വക്കോളനികൾ യാഥാർഥ്യമായാൽ അവിടെയുള്ളവർക്കു ശ്വസിക്കാനും ഖനനം പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള ഓക്സിജനും ഇപ്രകാരം നിർമിക്കാം.

മെക്കാനിക്കൽ വൃക്ഷം

കാർബൺ ഡയോക്സൈഡ് ഉള്ളിലെടുത്ത് ഓക്സിജൻ സൃഷ്ടിക്കുന്നതിനാൽ മെക്കാനിക്കൽ വൃക്ഷമെന്നാണു മോക്സിക്കു വിളിപ്പേര്. പെഴ്സിവീയറൻസ് റോവറിൽ ഒരു പെട്ടി കണക്കെയാണ് 17.1 കിലോ ഭാരമുള്ള ഇതു ഘടിപ്പിച്ചിട്ടുള്ളത്. മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ ഉൽപാദിപ്പിക്കാൻ മോക്സിക്കു ശേഷിയുണ്ട്. അടുത്ത 2 വർഷത്തിൽ  9 തവണ ഇതിനെ പ്രവർത്തിപ്പിക്കാനാണു പദ്ധതി. ചൊവ്വയിൽ അതിവേഗം മാറിമറിയുന്ന കാലാവസ്ഥയെ നേരിടാൻ ഇതിനു കഴിയുമോയെന്ന് അറിയാനാണിത്. 

എൻജിനീയറിങ് കരുത്തി‍ൽ

നൂതന സാങ്കേതികവിദ്യയായ ത്രീഡി പ്രിന്റിങ് വഴിയാണു മോക്സിയെ നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നിർമിച്ചത്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുടെ സാങ്കേതിക സഹകരണമുണ്ടായിരുന്നു.
ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിന് 800 ഡിഗ്രി വരെ താപനിലയിൽ എത്തും. ഇത്രയും ഉയർന്ന താപനില താങ്ങാൻ ശേഷിയുള്ള നിക്കൽ ലോഹസങ്കരം ഉപയോഗിച്ചാണു നിർമാണം. ഈ ചൂട് പെഴ്സിവീയറൻസിലെ മറ്റ് ഉപകരണങ്ങളെ കേടുവരുത്താതിരിക്കാൻ 6 താപബഹിർഗമനികളും മോക്സിയിലുണ്ട്.

English Summary: Oxygen in Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com