ADVERTISEMENT

വാഷിങ്ടൻ ∙ ഗ്രീൻ കാർഡ് നൽകുന്നതിന് ഓരോ രാജ്യത്തിനും നിശ്ചയിച്ചിരുന്ന പരിധി എടുത്തുകളയുന്നതിനുള്ള ബിൽ യുഎസ് ജനപ്രതിനിധിസഭയിൽ. 7% എന്ന പരിധി നിലവിലുള്ളതിനാൽ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് ഗുണകരമാകുന്നതാണ് ബിൽ. കുടിയേറ്റക്കാർക്ക് നിശ്ചയിച്ചിട്ടുള്ള 7% എന്ന പരിധി എടുത്തുകളയാനും കുടുംബ സ്പോൺസർഷിപ്പിൽ വീസ നൽകുന്നതിനുള്ള 7% എന്ന പരിധി 15 ശതമാനമാക്കി ഉയർത്താനും ബിൽ ശുപാർശ ചെയ്യുന്നു.

ജോ ബൈഡൻ സർക്കാർ അധികാരത്തിലേറിയ ശേഷം ഇരുപക്ഷവും സംയുക്തമായി അവതരിപ്പിക്കുന്ന ആദ്യ ബില്ലാണിത്. ഡമോക്രാറ്റിക് പാർട്ടിയിലെ സോയി ലോഫ്ഗ്രെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ ജോൺ കർട്ടിസും ചേർന്നാണ് ഈഗിൾ ആക്ട് എന്നറിയപ്പെടുന്ന ഈക്വൽ അക്സസ് ടു ഗ്രീൻ കാർഡ്സ് ഫോർ ലീഗൽ എംപ്ലോയ്മെന്റ് ആക്ട് 2021 അവതരിപ്പിച്ചത്. സെനറ്റ് കൂടി ബിൽ പാസാക്കിയാൽ പ്രസിഡന്റിന്റെ അനുമതിക്ക് അയയ്ക്കും.

സമാനമായ ബിൽ 2020 ൽ വൻ ഭൂരിപക്ഷത്തിന് (365–65) സെനറ്റ് പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധിസഭയിൽ വന്നില്ല. അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതിന്റെ നേട്ടം ലഭിക്കുമെന്ന കാരണത്താൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുണ്ടായിരുന്ന ജനപ്രതിനിധിസഭ പരിഗണിക്കാതിരുന്നതാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇന്ത്യക്കാരെയാണ് ഈ പരിധി ഏറ്റവുമധികം ബാധിച്ചത്.

ഇനി യുഎസ് കമ്പനികൾക്ക് ഏറ്റവും വിദഗ്ധരായ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നും ഇപ്പോൾ ഇവരെ യുഎസിനു പുറത്തുള്ള കമ്പനികൾ തട്ടിയെടുക്കുകയാണെന്നും ലോഫ്ഗ്രെൻ ചൂണ്ടിക്കാട്ടി. രാജ്യമേതെന്നു നോക്കാതെ ആദ്യം വരുന്നവർക്ക് യോഗ്യത നോക്കി തൊഴിൽ വീസ നൽകാൻ കഴിയുമെന്ന് കർട്ടിസും ചൂണ്ടിക്കാട്ടി. ഇപ്പോൾ 3 ലക്ഷം ഇന്ത്യക്കാരാണ് യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി ക്യൂവിലുള്ളത്. നിലവിലുള്ള രീതിയനുസരിച്ചാണെങ്കിൽ ഇവർക്കു മുഴുവൻ ഗ്രീൻ കാർഡ് നൽകാൻ 150 വർഷം വേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com