ഭീമൻ ടെക് കമ്പനികളുടെ നികുതി ഉറപ്പാക്കാൻ സമ്പന്നരാജ്യങ്ങൾ

tax
SHARE

ലണ്ടൻ ∙ നികുതി വെട്ടിപ്പു തടയാനും ഭീമൻ ടെക് കമ്പനികൾ നികുതി വിഹിതം കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികൾക്കു ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങൾ ആഗോള കരാറിൽ ഒപ്പുവച്ചു. ലണ്ടനിൽ നടന്ന സമ്മേളനത്തിൽ ഗ്രൂപ്പ് 7 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരാണു ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. 

വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമാകും വിധം ആഗോള നികുതി സമ്പ്രദായം പരിഷ്കരിക്കാനുള്ള ചരിത്രപരമായ ധാരണയിൽ ജി 7 ധനമന്ത്രിമാർ എത്തിച്ചേർന്നതായി യുകെ ധനമന്ത്രി ഋഷി സുനക് ട്വിറ്ററിൽ വിഡിയോ സന്ദേശത്തിൽ അറിയിച്ചു. ഈ മാസം 11 മുതൽ 13 വരെ യുകെയിൽ നടക്കുന്ന ജി7 നേതാക്കളുടെ വാർഷിക ഉച്ചകോടിക്കു മുന്നോടിയായാണു ലണ്ടനിൽ ധനമന്ത്രിമാരുടെ യോഗം ചേർന്നത്. 

പല രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന രാജ്യാന്തര കമ്പനികളുടെ നികുതി പിരിവ് സർക്കാരുകൾ നേരിടുന്ന വെല്ലുവിളിയാണ്. കമ്പനികൾ ബിസിനസ് ചെയ്യുന്ന രാജ്യത്തു തന്നെ നിശ്ചിത നികുതി അടയ്ക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള നടപടികളാണു സ്വീകരിക്കുക. ആഗോളതലത്തിൽ കോർപറേറ്റ് നികുതി കുറഞ്ഞത് 15 % വേണമെന്നും തത്വത്തിൽ ധാരണയായി. ആമസോൺ, ഗൂഗിൾ അടക്കമുള്ള ആഗോള ഭീമൻ കമ്പനികളെ ലക്ഷ്യമിട്ടാണു നീക്കം. 

കോവിഡ് കാലത്തു സർക്കാരുകൾ നേരിടുന്ന കടക്കെണി മറികടക്കാനും അധിക നികുതിവരുമാനം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. നികുതി സമ്പ്രദായം പരിഷ്കരിക്കാനുള്ള നടപടികൾക്കു മറ്റു രാജ്യങ്ങൾക്കുമേലും ഇതോടെ സമ്മർദമേറും. ജി 7 ൽ യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, കാനഡ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ അംഗങ്ങളാണ്.

English Summary: Tech giants and tax havens targeted by historic G7 deal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA