ADVERTISEMENT

ഓട്ടവ (കാനഡ) ∙ ഓണ്ടേരിയോ പ്രവിശ്യയിലെ ലണ്ടനിൽ 4 അംഗ മുസ്‌ലിം കുടുംബത്തെ വാഹനം കയറ്റി കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി 8.40ന് ആയിരുന്നു സംഭവം. പിക്കപ് ട്രക്ക് റോഡിൽ നിന്നു വെട്ടിച്ചു നടപ്പാതയിൽ കടന്ന് ഇവരുടെ ദേഹത്തു കയറ്റിയിറക്കി അതിവേഗം ഓടിച്ചുപോവുകയായിരുന്നു. കൂട്ടക്കൊല നടത്തിയ നതാനിയേൽ വെൽറ്റ്മാൻ (20) എന്ന യുവാവിനെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു.

സയിദ് അഫ്സൽ (46), ഭാര്യ മഡിഹ സൽമാൻ (44), മകൾ യുമ്ന അഫസൽ (15), സയിദിന്റെ 74 വയസ്സുള്ള മാതാവ് എന്നിവരാണ് മരിച്ചത്. സയിദിന്റെ മകൻ ഫയിസ് അഫ്സൽ (9) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. പതിവായി നടക്കാൻ പോവുമായിരുന്ന ഇവർ നടപ്പാതയിലൂടെ, റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് എത്തി കാത്തുനിൽക്കുമ്പോഴാണ് കറുത്ത നിറമുള്ള പിക്കപ്പ് ട്രക്ക് ഇടിച്ചിട്ടത്. തുടർന്ന് ഇവരുടെ മുകളിലൂടെ വാഹനം കയറ്റി ഓടിച്ചുപോയ അക്രമിയെ 7 കിലോമീറ്റർ അകലെ നിന്ന് പൊലീസ് പിടികൂടി.സുരക്ഷാകവചം പോലെ എന്തോ ഇയാൾ ധരിച്ചിരുന്നു.

ഗുരുതരമായ 4 വകുപ്പുകൾ ചേർത്ത് കൊലക്കുറ്റവും മറ്റൊരു വകുപ്പനുസരിച്ച് കൊലപാതകശ്രമത്തിനുള്ള കുറ്റവും ഇയാൾക്കെതിരെ ചാർത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനമെന്ന കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്. കോടതി ഇയാളെ വ്യാഴാഴ്ച വരെ റിമാൻഡ് ചെയ്തു. ഇയാൾ മുൻപ് കുറ്റകൃത്യങ്ങൾ നടത്തിയതായി രേഖയില്ല. ഇയാൾക്കു സഹായികളുമുണ്ടായിരുന്നില്ല. വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളിൽ അംഗമാണോ എന്നു വ്യക്തമല്ല.

മതവിദ്വേഷം മൂലമാണു കൂട്ടക്കൊല നടത്തിയതെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. മുസ്‍ലിം ആണെന്ന കാരണത്താൽ മാത്രമാണ് ഇവരെ ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു.

കൂട്ടക്കൊലയെ അപലപിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇസ്‌ലാമോഫോബിയയ്ക്കു കാനഡയിൽ സ്ഥാനമില്ലെന്നു വ്യക്തമാക്കി. അസാമാന്യമായ മുസ്‌ലിം വിദ്വേഷത്താൽ നടത്തിയ ആസൂത്രിത കൂട്ടക്കൊലയാണിതെന്ന് ലണ്ടൻ മേയർ എഡ് ഹോൾഡർ‌ പറഞ്ഞു. 2017 ൽ ക്യുബക് സിറ്റി മുസ്‌ലിം പള്ളിയിൽ 6 പേരെ വെടിവച്ചുകൊന്ന സംഭവമാണ് ഇതിനു മുൻപു കാനഡയിലുണ്ടായ ഏറ്റവും വലിയ അക്രമം.

Content Highlight: Muslim family killed in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com