ADVERTISEMENT

ജറുസലം ∙ ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി.

ഇടതു, വലതു, മധ്യ നിലപാടുകാരായ 8 കക്ഷികൾ അടങ്ങിയ സഖ്യത്തെ നയിക്കുന്ന ബെനറ്റ് ആദ്യരണ്ടു വർഷം പ്രധാനമന്ത്രിയായി തുടരും. വിവിധ കക്ഷികളെ ഒരുമിച്ചു കൂട്ടി സഖ്യസർക്കാരുണ്ടാക്കാൻ നേതൃത്വം നൽകിയ യയ്‌ർ ലപീദ് രണ്ടാം പകുതിയിൽ പ്രധാനമന്ത്രിയാകും. 

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹു ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ തലവനായി പ്രതിപക്ഷത്തിരിക്കും. ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു അറബ് പാർട്ടിയും ഭരണസഖ്യത്തിന്റെ ഭാഗമാണ്.

നെതന്യാഹുവിനെക്കാൾ കടുത്ത നിലപാടുകാരനായ നഫ്താലി ബെനറ്റിന്റെ പാർട്ടിയായ യമിനയ്ക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളാണ് കിട്ടിയത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കിങ് മേക്കറായി മാറിയ ബെനറ്റ് പ്രധാനമന്ത്രി സ്ഥാനം നേടുകയായിരുന്നു. 

കക്ഷിനിലയിൽ യമിനയ്ക്ക് അഞ്ചാം സ്ഥാനം. യമിന എന്നാൽ ഹീബ്രുവിൽ ‘വലത്തോട്ട്’ എന്ന് അർഥം.  വലതുപക്ഷ നിലപാടിന് വോട്ടു ചെയ്തവരെ ബെനറ്റ്  വഞ്ചിച്ചെന്നാണു നെതന്യാഹുവിന്റെ ആരോപണം. അറബ്, ഇടതു കക്ഷികൾ അംഗങ്ങളായ സർക്കാരിനെ താഴെയിറക്കി താൻ തിരിച്ചെത്തുമെന്നും അദ്ദേഹം ഇന്നലെ പാർലമെന്റിൽ പറഞ്ഞു.

തന്നെ ലോകനിലവാരമുള്ള ഭരണാധികാരിയായാണു നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ നെതന്യാഹു, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും വിവിധ അറബ്, ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുമായും സൗഹൃദം നിലനിർത്തി. എന്നാൽ ബൈഡൻ ഭരണകൂടവുമായി നെതന്യാഹു നല്ല ബന്ധത്തിലായിരുന്നില്ല.

English Summary: Naftali Bennett, Israel's new prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com