ADVERTISEMENT

ടോക്കിയോ ∙ രണ്ടാം ലോകയുദ്ധത്തിനു ശേഷം യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്തു തൂക്കിലേറ്റിയ ജപ്പാൻ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ മൃതദേഹം എന്തുചെയ്തുവെന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. ജനറൽ ടോജോ അടക്കം 7 ജപ്പാൻ നേതാക്കളുടെ മൃതദേഹങ്ങൾ കത്തിച്ചശേഷം ചിതാഭസ്മം യുഎസ് പോർവിമാനത്തിൽ കൊണ്ടുപോയി പസിഫിക് സമുദ്രത്തിൽ വിതറിയെന്നു യുഎസ് സൈനിക രേഖകൾ പറയുന്നു. ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ യോക്കോഹാമയിൽനിന്ന് 50 കിലോമീറ്റർ അകലെയാണിത്. മൃതദേഹങ്ങൾ വിട്ടുകൊടുത്താൽ സ്മാരകങ്ങൾ ഉയരുന്നതു തടയാനായിരുന്നു രഹസ്യ നടപടി.

പേൾ ഹാർബർ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ടോജോയുടെ മൃതദേഹത്തിന് എന്തു സംഭവിച്ചുവെന്നത് രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായിരുന്നു.

യുഎസ് സൈനിക രേഖകൾ വർഷങ്ങളോളം വിശകലനം ചെയ്താണു നിഹോൺ സർവകലാശാലയിലെ പ്രഫസർ ഹിരോകി തകാസാവ ഈ വിവരം കണ്ടെത്തിയത്. 2018 ൽ വാഷിങ്ടനിലെ യുഎസ് നാഷനൽ ആർക്കൈവ്സ് സന്ദർശിച്ചപ്പോഴാണു ഈ രേഖകളുടെ ശേഖരം തകാസാവയുടെ ശ്രദ്ധയിൽപെട്ടത്.

യുഎസ് ആർമി ജനറൽ മേജർ ലുഥർ ഫ്രീയർസൺ ആണ് ചിതാഭസ്മം വിതറിയത്. അദ്ദേഹം നൽകിയ രഹസ്യ റിപ്പോർട്ടിൽ നടപടികൾ വിശദമായി വിവരിക്കുന്നുണ്ട്.

ജനറൽ ടോജോയെ ജപ്പാനിലെ യാഥാസ്ഥിതികപക്ഷം വീര ദേശാഭിമാനിയായി വാഴ്ത്തുന്നു. എന്നാൽ കീഴടങ്ങാതെ, യുദ്ധം നീട്ടിയതു ടോജോയാണെന്നാണു പാശ്ചാത്യലോകത്തെ വിമർശനം. നേതാജി സുഭാഷ് ചന്ദ്രബോസിനു ജപ്പാനിൽ അഭയം നൽകിയത് അദ്ദേഹമായിരുന്നു.

1946–48 ൽ 28 ജപ്പാൻ നേതാക്കളെയാണു രാജ്യാന്തര സൈനിക ട്രൈബ്യൂണൽ വിചാരണ ചെയ്തത്. 1948 ഡിസംബറിൽ ടോജോ അടക്കം 7 പേരെ തൂക്കിലേറ്റി. 15 പേരെ ജീവപര്യന്തം ശിക്ഷിച്ചു.

1948 ഡിസംബർ പുലരിയിൽ സംഭവിച്ചത്

യുഎസ് ആർമി മേജർ ലുഥർ ഫ്രീയർസൺ നൽകിയ റിപ്പോർട്ട്: 1948 ഡിസംബർ 23. പുലർച്ചെ 2.10. ടോജോയുടെയും മറ്റ് 6 പേരുടെയും മൃതദേഹങ്ങൾ അടങ്ങിയ പേടകങ്ങൾ ട്രക്കിൽ കയറ്റി ജയിലിൽനിന്നു പുറപ്പെട്ടു. അന്തിമ നടപടികൾക്കായി യോക്കോഹാമയിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക്.

രാവിലെ 7.25 ന് സൈനികകേന്ദ്രത്തിൽനിന്നു പുറപ്പെട്ട ട്രക്ക് യോക്കോഹാമ ശ്മശാനത്തിൽ അരമണിക്കൂറിനകം എത്തുന്നു. മൃതദേഹ പേടകങ്ങൾ സൈനിക കാവലിൽ നേരെ ചൂളയിലേക്ക്. ദഹിപ്പിക്കൽ 10 മിനിറ്റ് നീണ്ടു. ചിതാഭസ്മം വിമാനത്തിൽ കയറ്റി പസിഫിക് സമുദ്രത്തിനു മുകളിലൂടെ യോക്കോഹാമയ്ക്കു കിഴക്ക് 50 കിലോമീറ്റർ പറന്നു. പലയിടത്തായി വിതറി.

English Summary: General Hideki Tojo's ashes scattered over sea by USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com