ADVERTISEMENT

ജറുസലം ∙ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇസ്രയേലിൽ അധികാരമേറ്റ പുതിയ സർക്കാരിനെ താമസിയാതെ താഴെയിറക്കുമെന്നു പ്രഖ്യാപിച്ച് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുതിയ സമരമുഖം തുറന്നു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു പുതിയ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനെ കണ്ട് അധികാരം കൈമാറിയെങ്കിലും താൻ ഈ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ആവർത്തിച്ചു. ‘നിങ്ങൾ പ്രതീക്ഷിക്കുന്നതിനും മുൻപേ ഈ സർക്കാർ വീഴും’– നെതന്യാഹു പറഞ്ഞു.

അതിനിടെ ഇന്നു കിഴക്കൻ ജറുസലമിലെ പലസ്തീൻ മേഖലകളിൽ തീവ്രദേശീയവാദികൾ പ്രഖ്യാപിച്ചിരിക്കുന്ന റാലിക്ക് അനുമതി നൽകണമോ എന്നതു പുതിയ സർക്കാരിനെ വെട്ടിലാക്കി. ഈ റാലിക്കെതിരെ പലസ്തീൻ സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കിഴക്കൻ ജറുസലമിൽ പലസ്തീൻ കുടുംബങ്ങളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമമാണ് 11 ദിവസം നീണ്ട ഇസ്രയേൽ – ഹമാസ് സംഘർഷമായി വളർന്നത്. ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ പ്രശ്നം സർക്കാരിനെതിരെ ഉപയോഗിക്കാനാണു നെതന്യാഹു ലക്ഷ്യമിടുന്നത്.

ഇടത്, വലത്, മധ്യ നിലപാടുകാരായ 8 കക്ഷികളുടെ സഖ്യത്തെ നയിക്കുന്ന ബെനറ്റ് 2023 വരെ പ്രധാനമന്ത്രിയായിരിക്കും. സഖ്യസർക്കാരുണ്ടാക്കാൻ നേതൃത്വം നൽകിയ യയ്‌ർ ലപീദ് രണ്ടാം പകുതിയിൽ പ്രധാനമന്ത്രിയാകും. അതുവരെ വിദേശകാര്യമന്ത്രിയായി തുടരും.പ്രധാനമന്ത്രി നരേന്ദ്ര മോദി ബെനറ്റിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. മോദിക്കു നന്ദി പറഞ്ഞ ബെനറ്റ്, ഇരുരാജ്യങ്ങൾക്കിടയിലെ ഊഷ്മള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പ്രയത്‌നിക്കുമെന്നും ട്വീറ്റ് ചെയ്തു.

120 അംഗ പാർലമെന്റിൽ ഞായറാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിലാണു ബെനറ്റ് സർക്കാർ അധികാരമേറ്റത് (60–59). നെതന്യാഹുവിനെക്കാൾ കടുത്ത വലതുപക്ഷ നിലപാടുകാരനായ ബെനറ്റിന്റെ പാർട്ടി ‘യമിന’യ്ക്ക് 7 സീറ്റാണുള്ളത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കിങ് മേക്കറായി മാറിയ ബെനറ്റ് പ്രധാനമന്ത്രി സ്ഥാനം നേടുകയായിരുന്നു.

English Summary: Naftali Bennett Israel prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com