ADVERTISEMENT

ബെയ്ജിങ് ∙ ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോർ മൊഡ്യൂൾ) ടിയൻഹെ നിലയത്തിൽ ചൈന 3 ബഹിരാകാശ സഞ്ചാരികളെയെത്തിച്ചു. ഇന്നലെ രാവിലെയാണു ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നു സഞ്ചാരികളുമായി ഷെൻസു–12 പേടകം, ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയർന്നത്. ആറര മണിക്കൂറിനു ശേഷം പേടകം, ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു.

നൈ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്ബോ (45) എന്നിവരാണു യാത്രികർ. ഇവർ നിലയത്തിൽ 3 മാസം താമസിക്കും. ടിയാങ്ഗോങ് നിലയത്തിന്റെ തുടർനിർമാണമാണ് ഇവരുടെ പ്രധാനദൗത്യം. 2003 ലാണ് ആദ്യ ചൈനീസ് സഞ്ചാരി ബഹിരാകാശത്തെത്തിയത്. ഇതിനു ശേഷം ഇതുവരെ 11 ചൈനക്കാർ കൂടി ഇവിടെയെത്തി.

ചൈനയുടെ സ്വർഗകൊട്ടാരം

‘ഹെവൻലി പാലസ്’ എന്നു വിളിപ്പേരുള്ള ടിയാങ്ഗോങ് ദൗത്യം ഘട്ടംഘട്ടമായാണു പൂർത്തീകരിക്കുക. ഇതിന്റെ ആദ്യ മൊഡ്യൂളായ ടിയൻഹെ കഴിഞ്ഞ ഏപ്രിൽ 29 നാണു ബഹിരാകാശത്തെത്തിയത്. ഇനി 11 വിക്ഷേപണങ്ങളിലൂടെ വിവിധ മൊഡ്യൂളുകൾ ഇവിടെയെത്തിച്ച് ടിയൻഹെയുമായി കൂട്ടിച്ചേർക്കും.

അടുത്ത വർഷം പൂർത്തിയാക്കുന്നതോടെ സ്വന്തമായി സ്പേസ് സ്റ്റേഷനുള്ള ഏക രാജ്യമാകും ചൈന. 340-450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് 66,000 കിലോ ഭാരമുള്ള ബഹിരാകാശ സ്റ്റേഷൻ സ്ഥിതി ചെയ്യുക. 10 വർഷം പ്രവർത്തിക്കും.

എന്തിനായിരിക്കാം റോബട്ടിക് കൈ?

ടിയൻഹെ സ്പേസ് സ്റ്റേഷന്റെ ഭാഗമായുള്ള റോബട്ടിക് കൈ, യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭൂമിയിൽ നിന്നു പിന്നീടു കൊണ്ടുപോകുന്ന മൊഡ്യൂളുകളെ കേന്ദ്രഭാഗത്തേക്ക് വലിച്ചടുപ്പിക്കാനാണ് നിലവിൽ ഇത് ഉപയോഗിക്കുക. 20,000 കിലോ വരെയുള്ള ഭാഗങ്ങൾ പിടിച്ചുവലിക്കാൻ ഇതിനു ശേഷിയുണ്ട്. 

എന്നാൽ, ഭാവിയിൽ ഇത് മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയും പേടകങ്ങളെയും വലിച്ചടുപ്പിച്ച് നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാകാമെന്നു ചില നിരീക്ഷകർ സംശയിക്കുന്നു. ബഹിരാകാശ യുദ്ധത്തിനുള്ള ചൈനീസ് ശ്രമമാകാം ഇതെന്നും ആശങ്കയുണ്ട്.

English Summary: China's rocket carrying three astronauts reach Tiangong space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com