ADVERTISEMENT

ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഇബ്രാഹിം റയ്സിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ. ഇറാനിൽ ഇതുവരെയുള്ളതിൽ ഏറ്റവും തീവ്ര നിലപാടുകാരനായ പ്രസിഡന്റാണു റയ്സിയെന്നും രാജ്യാന്തര സമൂഹം ഈ അപകടം തിരിച്ചറിയണമെന്നും ഇസ്രയേൽ പറഞ്ഞു. 

അതേസമയം റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നിവർ റയ്സിയെ അനുമോദിച്ചു. സിറിയ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളും അനുമോദനം അറിയിച്ചു. അഴിമതി രഹിത സർക്കാരിനു രൂപം നൽകുമെന്നു റയ്സി പ്രഖ്യാപിച്ചു.

ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 48.8% പേർ വോട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. 1979നുശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. 37 ലക്ഷം വോട്ട് അസാധുവായി. ഇവ പ്രതിഷേധ സൂചകമായി മനഃപൂർവം അസാധുവാക്കിയതാണെന്നാണു വിലയിരുത്തൽ. ആകെ പോൾ ചെയ്ത 2.86 കോടി വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഇബ്രാഹിം റയ്‌സിക്കു ലഭിച്ചത് 1.79 കോടി വോട്ടാണ്. 

2019 മുതൽ ഇറാൻ ജുഡീഷ്യറിയുടെ തലവനായ ഇബ്രാഹിം റയ്സിക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎസ് ഉപരോധം നിലനിൽക്കുന്നുണ്ട്. ഇറാനിൽ സ്വതന്ത്ര തിരഞ്ഞെടുപ്പു നടന്നില്ലെന്ന് യുഎസ് ആരോപിച്ചു. അതേസമയം, ഇറാനും 6 വൻശക്തികളുമായുള്ള ആണവക്കരാർ പുനരുജ്ജീവിപ്പിക്കാൻ വിയന്നയിൽ നടക്കുന്ന ചർച്ചകൾ നിർത്തിവച്ചു. ഇറാൻ സംഘം ഇന്നലെ ടെഹ്റാനിലേക്കു മടങ്ങി. കൂടിയാലോചനകൾക്കു ശേഷമേ ചർച്ച പുനരരാംഭിക്കൂ എന്നാണു സൂചന.

English Summary: Russia congratulates Iran's Ebrahim Raisi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com