ADVERTISEMENT

വെല്ലിങ്ടൻ∙ ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊതുവേദിയിൽ തിരികെയെത്തി. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി.

ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു.

ജനുവരി 6ലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊൺസാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉൾപ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻപ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രംപ് ജൂൺ 30ന് യുഎസ്–മെക്സിക്കോ അതിർത്തി സന്ദർശിക്കും. ജൂലൈ 3നു ഫ്ലോറി‍‍ഡയിലാണു റാലി.

സമൂഹമാധ്യമ വിലക്ക്; ട്രംപ് ഇനി ‘റംബിളി’ൽ

യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ട്രംപ് വിഡിയോ പ്ലാറ്റ്ഫോമായ ‘റംബിളി’ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്.

ഒഹായോയിലെ ട്രംപ് റാലി റംബിളിൽ തത്സമയം കാണിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള റംബിൾ യൂട്യൂബിനു ബദലായി രൂപം കൊണ്ടതാണ്. യുഎസിലെ യാഥാസ്ഥിതികർക്കിടയിൽ ഇപ്പോഴിതു പ്രിയം നേടിയിട്ടുണ്ട്.

English Summary: Donald Trump hold rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com