ADVERTISEMENT

ലണ്ടൻ∙ പാക്ക് വംശജനായ മുൻ ധനമന്ത്രി സാജിദ് ജാവിദ് ബ്രിട്ടനിലെ പുതിയ ആരോഗ്യമന്ത്രിയായി ചുമതലയേറ്റു. കോവിഡ് മാനദണ്ഡം ലംഘിച്ച് സഹപ്രവർത്തകയെ ചുംബിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തായി വിവാദത്തിൽ പെട്ട മാറ്റ് ഹാൻകോക്ക് ആരോഗ്യമന്ത്രി പദവി രാജിവച്ചതിനു പിന്നാലെയാണു ജാവിദിന്റെ നിയമനം. 

രാജ്യത്തെ എത്രയും പെട്ടെന്നു മഹാമാരിയിൽനിന്നു രക്ഷപ്പെടുത്തി സാധാരണ നിലയിലെത്തിക്കുകയാണു പുതിയ പദവിയിൽ തന്റെ ലക്ഷ്യമെന്നു ജാവിദ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേഷ്ടാവായിരുന്ന ഡോമിനിക് കമിങ്സിന്റെ അമിത ഇടപെടലിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു ജാവിദ് ധനമന്ത്രി സ്ഥാനം രാജിവച്ചത്. ജോൺസന്റെ ഭാര്യ ക്യാരി സിമൻസിന്റെ ശുപാർശയിലാണു ജാവിദ് മന്ത്രിസഭയിലേക്കു തിരികെയെത്തുന്നതെന്ന പുതിയ വെളിപ്പെടുത്തലുമായി കമിങ്സ് രംഗത്തെത്തിയിട്ടുണ്ട്.

മാറ്റ് ഹാൻകോക്ക് മേയ് ആദ്യ ആഴ്ച ഓഫിസിൽ വച്ച് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ ചുംബിക്കുന്നതിന്റെ ദൃശ്യം ‘ദ് സൺ’ പത്രം പുറത്തുവിട്ടതിനെ തുടർന്നാണു രാജിയും പുതിയ മന്ത്രിനിയമനവും. മന്ത്രിയുടെ ഓഫിസിലെ ദൃശ്യങ്ങൾ എങ്ങനെ സൺ പത്രത്തിനു ലഭിച്ചെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓഫിസിലെ അഗ്നിബാധ മുന്നറിയിപ്പുയന്ത്രത്തിനു പിന്നിലായി ക്യാമറ ഒളിപ്പിച്ചിരുന്നെന്നാണു കരുതുന്നത്. 

ദീർഘകാലമായി സൗഹൃദമുള്ള ജീനയെ ആരോഗ്യവകുപ്പിലെ ഉന്നതപദവിയിൽ നിയമിച്ചതു നേരത്തേ തന്നെ വിവാദത്തിലാണ്. ചുംബനദൃശ്യങ്ങൾ പുറത്താകുമെന്നു മുൻകൂട്ടിയറിഞ്ഞ് ഹാൻകോക്കും ജീനയും അവരവരുടെ പങ്കാളികളിൽനിന്ന് വിവാഹമോചനം നേടാനുള്ള നടപടികൾ ആരംഭിച്ചെന്നും ഒരുമിച്ചു പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ചെന്നുമാണു ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ, പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള രഹസ്യരേഖകൾ ഒരു ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെക്കുറിച്ച് ബ്രിട്ടിഷ് സർക്കാർ അന്വേഷണം ആരംഭിച്ചു.

English Summary: Sajid Javid Britain's new health minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com