ADVERTISEMENT

ന്യൂയോർക്ക്∙ 50 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോൺ നമ്പരുകൾ പെഗാസസ് ഡേറ്റബേസിൽ ഉൾപ്പെട്ടിരിക്കുമെന്ന് മാധ്യമങ്ങളുടെ അന്വേഷണം വെളിപ്പെടുത്തുന്നു. ഇവരിൽ 1000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഫോൺ നമ്പർ ഉടമകളിൽ അറുന്നൂറിലധികം രാഷ്ട്രീയക്കാരും 189 മാധ്യമപ്രവർത്തകരും ഉൾപ്പെടും. ഫിനാൻഷ്യൽ ടൈംസ്, സിഎൻഎൻ, ദ് ന്യൂയോർക്ക് ടൈംസ്,  റോയിറ്റേഴ്സ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, അസർബൈജാൻ, ഹംഗറി, കസഖ്‌സ്ഥാൻ, മെക്സിക്കോ, മൊറോക്കോ, റുവാണ്ട എന്നീ 10 രാജ്യങ്ങളിലലാണ് ചോർത്തൽ ഏറ്റവും കൂടുതൽ നടന്നത് എന്നാണ് റിപ്പോർട്ട്. പാരിസ് ആസ്ഥാനമായ ഫോർബിഡൻ സ്റ്റോറീസ് എന്ന മാധ്യമ സന്നദ്ധ സംഘടനയ്ക്കും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിനും ചോർന്നുകിട്ടിയ വിവരങ്ങൾ അവർ  മാധ്യമ കൂട്ടായ്മയ്ക്കു കൈമാറുകയായിരുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്നത് തെറ്റായ വിവരങ്ങളാണെന്ന് പെഗാസസിന്റെ നിർമാതാക്കളായ എൻഎസ്ഒ പ്രതികരിച്ചു.

ചോർത്തൽ എങ്ങനെ?

വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ്‍വേഡുകൾ, ഫോൺ നമ്പരുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. ഫോൺ ക്യാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാനും സോഫ്റ്റ്‌വെയറിനു ശേഷിയുണ്ട്.

ഇന്ത്യയിൽ മുൻപും വിവാദം

ന്യൂഡൽഹി∙ 2019 ൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ 1400 പേരുടെ ഫോൺ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ചു ചോർത്തിയെന്ന വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തപ്പെട്ടെന്ന് കോൺഗ്രസ് ആരോപണമുയർത്തി. അഭിഭാഷകൻ നിഹാർ സിങ് റാത്തോഡ്, മനുഷ്യാവകാശ പ്രവർത്തക ബെല്ലാ ഭാട്യ, മാധ്യമപ്രവർത്തകൻ സിദ്ധാന്ത് സിബൽ തുടങ്ങിയവരുടെ വിവരങ്ങൾ ചോർത്തിയെന്നും ആക്ഷേപമുയർന്നു.

പലവട്ടം ചർച്ച നടത്തിയിട്ടും പെഗാസസ് ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ സംഭവത്തെക്കുറിച്ചു മാസങ്ങൾ മുൻപു തന്നെ കേന്ദ്രത്തെ 2 തവണ അറിയിച്ചെന്ന് വാട്സാപ് തെളിവ് സഹിതം വ്യക്തമാക്കിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി.

English Summary: Pegasus tapping phone from 50 countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com