ADVERTISEMENT

ലണ്ടൻ∙ കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ അരലക്ഷം കടന്നു നിൽക്കെ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ. നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ തുറക്കാം. പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമല്ല, പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും. അതേ സമയം, രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം കഠിനമാകില്ല എന്നാണു സർക്കാരിന്റെ പ്രതീക്ഷ.

2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനകും ഐസലേഷനിലായി. കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കമുണ്ടായവർക്ക് ഐസലേഷൻ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീൻ വേണ്ടെന്നു വയ്ക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചെങ്കിലും വൻപ്രതിഷേധത്തെത്തുടർന്നു മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റുകയായിരുന്നു.

വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ 12 പേർ 

കോവിഡ് സംബന്ധിച്ച തെറ്റിദ്ധാരണകളും വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു പിന്നിൽ 12 വ്യക്തികളാണെന്ന് യുകെ–യുഎസ് എൻജിഒ ആയ സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹെയ്റ്റിന്റെ പഠനം. ഈ 12 പേർക്ക് വിവിധ സമൂഹമാധ്യമങ്ങളിലായി 6 കോടിയോളം ഫോളോവേഴ്സ് ഉണ്ട്. ഇവരിലൂടെയാണ് പ്രധാനമായും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന് കാരണം 5ജി ടവറുകളാണെന്നും വാക്സീൻ ഓട്ടിസത്തിനു കാരണമാകുമെന്നും പ്രചരിപ്പിച്ച റോബർട് എഫ്.കെന്നഡി ജൂനിയർ ആണ് ഇവരിൽ പ്രമുഖൻ.

ഐസലേഷന് പൈലറ്റ് പദ്ധതി

കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം.  തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.

English Summary: UK to celebrate freedom day, amid corona case hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com