ADVERTISEMENT

ന്യൂയോർക്ക് ∙ മധുര പ്രതികാരമായിരുന്നു വാലി ഫങ്കിന് ഈ യാത്ര. യുഎസിലെ ആദ്യകാല വനിതാ പൈലറ്റുമാരിൽ ഒരാളായ വാലിയെ 1961 ൽ ബഹിരാകാശ പരിശീലനത്തിനായുള്ള ‘മെർക്കുറി 13’ വനിതാ സംഘത്തിൽ നാസ ഉൾപ്പെടുത്തിയിരുന്നു. പരിശീലനം ലഭിക്കുകയും ചെയ്തു. പക്ഷേ, ഈ സംഘത്തിലെ വനിതകളിൽ ഒരാൾക്കു പോലും അവസരം ലഭിച്ചില്ല. അങ്ങനെ പൊലിഞ്ഞ വാലിയുടെ സ്വപ്നമാണ് 82–ാം വയസ്സിൽ സഫലമായത്.

ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡും ഇനി വാലിക്കു സ്വന്തം. 77–ാം വയസ്സി‍ൽ ബഹിരാകാശം സന്ദർശിച്ച യുഎസിലെ ജോൺ ഗ്ലെന്നിനായിരുന്നു ഇതു വരെ ഈ റെക്കോർഡ്. 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ യാത്രയിൽ പങ്കെടുത്ത ഒലിവർ ഡീമൻ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 

നെതർലൻഡ്‌സിലെ കോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവർ. ഏകദേശം 210 കോടി രൂപ നൽകിയാണ് ഒലിവറിന് സീറ്റ് തരപ്പെട്ടത്. ആദ്യം മറ്റൊരാൾക്കു ലഭിച്ചതായിരുന്നു ഈ സീറ്റ്. എന്നാൽ അയാൾ പിൻമാറി. ഇതുവരെ ബഹിരാകാശത്തു പോയിട്ടുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ സോവിയറ്റ് യാത്രികനായ ജെർമോൺ ടിറ്റോവാണ്. 25 വയസ്സുള്ളപ്പോഴായിരുന്നു യാത്ര. 

∙ വിഎസ്എസ് യൂണിറ്റി താണ്ടിയ ഉയരം– 86.1 കിലോമീറ്റർ

∙ കാർമാൻ ലൈൻ– 100 കിലോമീറ്റർ 

∙ ബ്ലൂ ഒറിജിൻ താണ്ടിയ ഉയരം– 100+ കിലോമീറ്റർ

ബെസോസിനെ ത്രില്ലടിപ്പിച്ച് ബഹിരാകാശം

യാത്രയ്ക്കു ശേഷം വെസ്റ്റ് ടെക്സസിൽ ഇറങ്ങിയ ജെഫ് ബെസോസ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നാണ് ആദ്യം പ്രതികരിച്ചത്. കൗബോയ് തൊപ്പിയണിഞ്ഞായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ ബഹിരാകാശ യാത്ര. ഭ്രമണപഥത്തിലെത്താതെ ബഹിരാകാശത്തിനെ തൊട്ടു തിരിച്ചുവരുന്ന ‘സബ് ഓർബിറ്റൽ’ രീതിയിലുള്ള പറക്കലാണ് ന്യൂ ഷെപേഡ് നടത്തിയത്. 

ഒരു ക്രൂ ക്യാപ്‌സ്യൂളും ബൂസ്റ്റർ റോക്കറ്റുമടങ്ങിയതാണ് 60 അടി ഉയരമുള്ള ന്യൂ ഷെപേഡ് പേടകം. ക്രൂ മൊഡ്യൂളിലാണ് യാത്രക്കാർ ഇരുന്നത്. രണ്ടര മിനിറ്റ് മുകളിലേക്കു കുതിച്ച് 76 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെട്ടു. റോക്കറ്റ് തിരിച്ച് ഭൂമിയിലെത്തി ലാൻഡ് ചെയ്തു. തുടർന്ന് നൂറിലധികം കിലോമീറ്റർ ഉയരത്തിൽ ക്രൂ മൊഡ്യൂൾ എത്തി. ഏതാനും മിനിറ്റുകൾ ബഹിരാകാശത്തിൽ ചെലവിട്ട ശേഷം അന്തരീക്ഷത്തിൽ തിരിച്ചിറങ്ങി 3 വലിയ പാരഷൂട്ടുകളുടെയും ലാൻഡിങ് റോക്കറ്റുകളുടെയും സഹായത്തോടെ ടെക്സസിൽ ലാൻഡ് ചെയ്തു. 

English Summary: Record for Wally Funk and Oliver Daeman after space flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com