ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയെ നടുക്കിയ പരമ്പരക്കൊലയാളി റോഡ്‌നി ജെയിംസ് അൽക്കാല (77) മരിച്ചു. വധശിക്ഷ കാത്തു കലിഫോർണിയ ജയിലിൽ കഴിയവേ ആശുപത്രിയിലാണ് അന്ത്യം. 1970 കളിൽ നൂറിലേറെ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ അൽക്കാല, ‘ഡേറ്റിങ് ഗെയിം കൊലയാളി’ എന്ന പേരിലാണ് അറിയപ്പെട്ടത്.

1977നും 1979നും ഇടയിൽ കലിഫോർണിയയിൽ 12 വയസ്സുകാരി അടക്കം 5 പേരെ കൊലപ്പെടുത്തിയതിന് 2010 ലാണു വധശിക്ഷ വിധിച്ചത്. 2013 ൽ 2 കേസുകളിൽ ന്യൂയോർക്ക് കോടതി 25 വർഷം തടവു കൂടി വിധിച്ചു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ, 1977 ൽ നടന്ന ഒരു കൊലപാതകത്തിലും 2016 ൽ പ്രതിചേർത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 130 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നാണു പൊലീസ് പറയുന്നത്. ശിക്ഷിക്കപ്പെട്ടത് പത്തിൽതാഴെ കേസുകളിൽ മാത്രം.

ഫൊട്ടോഗ്രഫറായിരുന്ന അൽക്കാല, യുവതികളെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു പതിവ്. കൊലപ്പെടുത്തിയശേഷം യുവതികളുടെ കമ്മലുകൾ എടുത്തുവയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. ഇയാളുടെ വീട്ടിൽനിന്നു നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും ഫോട്ടോകളും പിന്നീടു കണ്ടെടുത്തു. 1978 ൽ ‘ബാച്‌ലർ നമ്പർ 1’ എന്ന വിശേഷണത്തോടെ ‘ഡേറ്റിങ് ഗെയിം’ എന്ന പ്രശസ്തമായ അമേരിക്കൻ ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടു.

English Summary: Rodney Alcala, 'Dating Game Killer', dies in California hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com