ADVERTISEMENT

കാബൂൾ വളഞ്ഞ്, അടുത്ത നീക്കത്തിനുള്ള ഉത്തരവുകിട്ടാൻ കാത്തുനിൽക്കുന്ന താലിബാൻ പോരാളികൾ. ഇന്നലെ ഉച്ചതിരിഞ്ഞപ്പോഴേക്കും അഫ്ഗാനിലെ ചിത്രം ഇതായിരുന്നു. മേഖലകൾ ഓരോന്നായി പിടിച്ചെടുത്ത്, സമ്പൂർണ അധീശത്വത്തിന്റെ പടിവാതിലിൽ കാലൂന്നി കാത്തുനിൽക്കുന്ന താലിബാൻ.

ഇത് അപ്രതീക്ഷിതമല്ലെങ്കിലും ഈയൊരു ഘട്ടമെത്താൻ ഏതാനും മാസങ്ങളെങ്കിലും വേണ്ടിവരുമെന്നാണു ലോകം കരുതിയിരുന്നത്. എന്നാൽ, അഫ്ഗാൻ സർക്കാരിന് 2019ൽ ഇന്ത്യ സമ്മാനിച്ച ഒരു എംഐ 24 ഹെലികോപ്റ്റർ പിടിച്ചെടുത്തതിന്റെ പടം താലിബാൻ ഏതാനും ദിവസം മുൻപു പുറത്തുവിട്ടതിൽ ചില സന്ദേശങ്ങൾ ഒളിച്ചിരിപ്പുണ്ടായിരുന്നു. അഫ്ഗാൻ കര, വ്യോമ സേനകളുടെ പക്കൽ അത്യാധുനിക ആയുധസന്നാഹമുണ്ടായിട്ടും പലയിടങ്ങളിലും അവർ ചെറുത്തുനിൽപിനുള്ള ശ്രമം പോലും നടത്താതെ ആയുധങ്ങൾ അടിയറവു വയ്ക്കുകയോ ഉപേക്ഷിച്ചു സ്ഥലംവിടുകയോ ആയിരുന്നു.

അഫ്ഗാൻ സേനയുടെ ആയുധശേഷി മികച്ചതാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ പോർക്കളത്തിൽ ജയിച്ചുമുന്നേറുന്നതു താലിബാനാണുതാനും. എംഐ 24 ഹെലികോപ്റ്റർ ചിത്രം പറയാതെ പറഞ്ഞ മറ്റൊന്നുണ്ട് - അഫ്ഗാൻ സർക്കാരിനെയും സൈന്യത്തെയും പിന്തുണച്ചിരുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളുടെ തുടർസഹായം നിരാശപ്പെടുത്തുന്നതായിരുന്നു എന്ന സത്യം. അഫ്ഗാൻ സേനയ്ക്ക് ആയുധങ്ങൾ മാത്രം നൽകുകയും അവയ്ക്കു വേണ്ട സ്‌പെയർ പാർട്സ് നൽകാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം.

കുന്ദൂസ് എയർബേസ് പിടിച്ചപ്പോൾ താലിബാന്റെ കൈകളിലെത്തിയ എംഐ 24 ഹെലികോപ്റ്റർ നനഞ്ഞ പടക്കമായി അവിടെ വിശ്രമിക്കുകയായിരുന്നു എന്നതാണു വാസ്തവം. അതിനു പറക്കാനാകുമായിരുന്നില്ല. താലിബാന്റെ കയ്യിലെത്തിയാലും ഹെലികോപ്റ്റർ അവർക്ക് ഉപയോഗിക്കാൻ കഴിയരുത് എന്ന ലക്ഷ്യത്തോടെ റോട്ടർ ബ്ലേഡും എൻജിനും അഫ്ഗാൻ സേന തന്നെ ഇളക്കിമാറ്റി വച്ചിരിക്കുകയായിരുന്നു.

ഇന്ത്യയുടെ സമ്മാനം 

എംഐ 24 വി ഇനത്തിലെ രണ്ടു കോപ്റ്ററുകളാണ് 2019ൽ ഇന്ത്യ അഫ്ഗാൻ വ്യോമസേനയ്ക്കു കൈമാറിയത്. 2015ൽ നൽകിയ 4 കോപ്റ്ററുകൾക്കു പകരം ഉപയോഗിക്കാനായിരുന്നു ഈ പുതിയ രണ്ടെണ്ണം. അഫ്ഗാനിസ്ഥാനും ബെലാറസും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായുള്ള എംഐ 24 കോപ്റ്ററുകൾക്കു പണം മുടക്കിയത് ഇന്ത്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഡിസംബറിൽ കാബൂൾ സന്ദർശിച്ചപ്പോൾ 4 എംഐ 35 കോപ്റ്ററുകളും അഫ്ഗാൻ വ്യോമസേനയ്ക്കു കൈമാറിയിരുന്നു. മൂന്ന് ചീറ്റ ലൈറ്റ് കോപ്റ്ററുകളും നൽകി. ഇതു കൂടാതെയാണ് അഫ്ഗാൻ സൈനികർക്കും പൈലറ്റുമാർക്കും ഇന്ത്യൻ സേന നൽകിവന്ന പരിശീലന സഹായം.

ഈ ഹെലികോപ്റ്ററുകളെല്ലാം തന്നെ, താലിബാനെതിരെ പോരാട്ടത്തിൽ അഫ്ഗാൻ സേനയ്ക്കു ഗണ്യമായ മേൽക്കൈ നൽകി. ഗുണനിലവാരത്തിന്റെയും പ്രയോജനത്തിന്റെയും കാര്യത്തിൽ അവർ വളരെ തൃപ്തരുമായിരുന്നു. അങ്ങനെയിരിക്കെയാണ്, ഏതാനും മാസം മുൻപ് അവർ സ്‌പെയർ പാർട്സ്, മെയിന്റനൻസ് സഹായം അഭ്യർഥിച്ച് ഇന്ത്യയെ ബന്ധപ്പെട്ടത്.

ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകൾ കൂടാതെ, യുഎസ് നിർമിതമായ പലതരം പോർവിമാനങ്ങളും അഫ്ഗാൻ സേന ഉപയോഗിക്കുന്നുണ്ട്. യുഎച്ച് 60 ബ്ലാക്ക്ഹോക്ക്, എംഡി500 ഡിഫൻഡർ കോപ്റ്റർ, എ29 സൂപ്പർ ടകാനോ തുടങ്ങിയവ അക്കൂട്ടത്തിൽപെടുന്നു. ഇതിനു പുറമെ, റഷ്യൻ നിർമിത എംഐ 17 കോപ്റ്ററുകളും സി 130, സെസ്‌ന ട്രാൻസ്‌പോർട്ട് വിമാനങ്ങളും സായുധ സെസ്‌ന വിമാനങ്ങളുടെ ഒരു ചെറു ഫ്‌ളീറ്റും സേനയ്ക്കുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, താലിബാനേക്കാൾ ആയുധശേഷി മികവ് വ്യക്തമായും അഫ്ഗാൻ സേനയ്ക്കാണ്. മികച്ച പരിശീലനം നേടിയ സൈനികരാകട്ടെ, കമാൻഡർമാരാകട്ടെ, അഫ്ഗാൻ സേനയ്ക്കാണുള്ളത്, താലിബാനല്ല. പക്ഷേ അവരെല്ലാം യുദ്ധഭൂമിയിൽവച്ച് താലിബാനുമുന്നിൽ വീണു. അവരുടെ ആത്മവീര്യം ചോർന്നുപോയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഇന്ത്യൻ സേനയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

സ്വന്തം സേനയെ തിരിച്ചുവിളിക്കാനുള്ള യുഎസ് തീരുമാനം അഫ്ഗാൻ സേനയുടെ പോരാട്ടവീര്യത്തിനു കനത്ത പ്രഹരമായെന്നാണ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതു മുതലെടുത്തു പോരാടി ജയിച്ചാണു താലിബാൻ ഇന്നലെ കാബൂൾ നഗരകവാടം വരെയെത്തിയത്.

അതിവേഗ ഒഴിപ്പിക്കൽ 

അഫ്ഗാൻ സേന എത്രയോ കാലമായി താലിബാനെതിരെ പോരാടുന്നു. പക്ഷേ പോരാട്ടം രൂക്ഷമായത്, യുഎസ് നയിക്കുന്ന സഖ്യസേന അഫ്ഗാൻ വിടുന്നതിന്റെ അവസാന ഘട്ടം കഴിഞ്ഞ മേയിൽ തുടങ്ങിയതോടെയാണ്. ഇപ്പോൾ 3000 സൈനികരെ കാബൂളിലേക്ക്് അയയ്ക്കാൻ യുഎസ് നിർബന്ധിതരായി. പോരാട്ടത്തിനല്ല, മറിച്ച് കാബൂൾ വിമാനത്താവളം സുരക്ഷിതമാക്കി അവരുടെ എംബസി ജീവനക്കാരെയും മറ്റും സുരക്ഷിതരായി ഒഴിപ്പിക്കാൻ വേണ്ടി മാത്രം. 

സംഭവങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുവന്നിരുന്ന ഇന്ത്യ നേരത്തേ തന്നെ ഹെരാത്തിലെയും കാണ്ടഹാറിലെയും കോൺസുലേറ്റുകളിൽനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ഇന്ത്യൻ പൗരത്വമുള്ള 50 പേരെയും മസാരെ ഷരീഫിലെ കോൺസുലേറ്റിലെ ജീവനക്കാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനവും അയച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കാബൂളിലെ എംബസിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെയും അടിസ്ഥാനസൗകര്യ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കമുള്ള ഇന്ത്യൻ പൗരന്മാരെയും എത്രയും വേഗം ഒഴിപ്പിക്കാനുള്ള വിശദമായ പദ്ധതി രൂപരേഖ കേന്ദ്രസർക്കാർ തയാറാക്കിയിട്ടുണ്ട്. വൻതോതിൽ ആളുകളെ ഒഴിപ്പിച്ചു തിരികെയെത്തിക്കാനുള്ള വ്യോമസേനയുടെ വിമാനം അടിയന്തര ഘട്ടമുണ്ടാകുന്ന നിമിഷംതന്നെ യാത്ര പുറപ്പെടാനായി തയാറായി നിൽക്കുന്നു. കാബൂൾ നദിയിലെ ഷഹ്തൂത് അണക്കെട്ടു നിർമാണം ഉൾപ്പെടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന ആയിരത്തിയഞ്ഞൂറോളം ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഡാം നിർമാണം തുടങ്ങിയിട്ടേയുള്ളൂ. അഫ്ഗാനിസ്ഥാനിൽ വിവിധ നവീകരണ, വികസന പദ്ധതികൾക്കായി 300 കോടി ഡോളറാണ് ഇന്ത്യ മുടക്കുന്നത്.

English Summary: How did Afghan army collapse so quickly?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com