ആണവ ഫ്യൂഷൻ സാങ്കേതികവിദ്യ: വമ്പൻ കുതിച്ചുചാട്ടമൊരുക്കി എംഐടിയുടെ കണ്ടെത്തൽ

HIGHLIGHTS
  • ആണവ ഫ്യൂഷൻ റിയാക്ടർ പ്രവർത്തിപ്പിക്കാനുള്ള സവിശേഷ വൈദ്യുത കാന്തം യാഥാർഥമാക്കി
  • ഗവേഷക സംഘത്തിൽ മലയാളിയും
Dr-Silvester
ഡോ. സിൽവസ്റ്റർ നൊറോന
SHARE

ബോസ്റ്റൺ ∙ ഊർജമേഖലയുടെ ഭാവി പ്രതീക്ഷയായ ആണവ ഫ്യൂഷൻ സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നതിൽ ശാസ്ത്രലോകം ഒരു പടി കൂടി പിന്നിട്ടു. ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന സൂപ്പർ കണ്ടക്ടർ ഇലക്ട്രോ മാഗ്നറ്റ് എന്ന സവിശേഷ വൈദ്യുത കാന്തമാണു ഗവേഷകർ കണ്ടെത്തിയത്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), കോമൺവെൽത്ത് ഫ്യൂഷൻ സിസ്റ്റംസ് (സിഎഫ്എസ്) എന്ന സ്റ്റാർട്ടപ്പ് എന്നിവർ യോജിച്ചാണു കണ്ടുപിടുത്തം നടത്തിയത്. ഗവേഷക സംഘത്തി‍ൽ മലയാളിയായ ഡോ. സിൽവസ്റ്റർ നൊറോനയുമുണ്ട്. സിഎഫ്എസിന്റെ ലീഡ് എൻജിനീയറും എംഐടിയിൽ വിസിറ്റിങ് ഫാക്കൽറ്റിയുമാണ് ഡോ. സിൽവസ്റ്റർ. 2025 ൽ ലോകത്തെ ആദ്യത്തെ ജീവനക്ഷമമായ ഫ്യൂഷൻ റിയാക്ടറായ ‘സ്പാർക്ക്’ നിർമിക്കാനും എംഐടി–സിഎഫ്എസ് ഗവേഷകർ പദ്ധതിയിടുന്നു. 

നിലവിലെ ആണവ റിയാക്ടറുകൾ ആണവ വിഘടന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുമ്പോൾ ആണവ സംയോജനം വഴിയാണു ഫ്യൂഷൻ ഊർ‌ജം ഉത്പാദിപ്പിക്കുന്നത്. എന്നാൽ, 10 കോടി ഡിഗ്രി സെൽഷ്യസ് താപനിലയിൽ പ്ലാസ്മ സൃഷ്ടിക്കപ്പെടുന്നതിനാൽ ഈ താപനില ചെറുക്കുന്ന വസ്തുക്കൾ റിയാക്ടറിൽ വേണം. ഈ പ്രതിബന്ധം തരണംചെയ്യാൻ കാന്തികമണ്ഡലങ്ങളുണ്ടാക്കി അതിൽ പ്ലാസ്മയെ തൂക്കിനിർത്തുകയാണു ചെയ്യുന്നത്. ഇതിനായി ശക്തിയേറിയ കാന്തങ്ങളായ ടോക്കമാക്കുകൾ ഉപയോഗിക്കുന്നു. ചെമ്പിൽ നിർമിച്ച ഈ കാന്തങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ട ഊർജവും റിയാക്ടറിൽ നിന്നു കിട്ടുന്ന ഊർജവും തമ്മിൽ വലിയ വ്യത്യാസങ്ങളില്ലാത്തതിനാൽ ഫ്യൂഷൻ റിയാക്ടറുകൾ പ്രായോഗികതലത്തിൽ നഷ്ടമാണ്. ഈ പോരായ്മയാണു പുതിയ കാന്തം പരിഹരിക്കുന്നത്. 

ഹൈ ടെംപറേച്ചർ സൂപ്പർ കണ്ടക്ടിങ് മാഗ്നറ്റ് എന്നറിയപ്പെടുന്ന ഇത് 20 ടെസ്‌ല അളവിൽ കാന്തികമണ്ഡലമൊരുക്കും. ഊർജ ഉൽപാദനം സാധ്യമാക്കുകയും ചെയ്യും. കരുത്തുറ്റ വൈദ്യുത കാന്തമായ ഇതു ചെറുതായതിനാൽ ഭാവി ഫ്യൂഷൻ റിയാക്ടറുകളുടെ വലുപ്പം കുറയും. 

കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന മീനേത്ത് ജെ.സി. നൊറോണയുടെയും ഗേളിയുടെയും മകനാണു ഡോ.സിൽവസ്റ്റർ നൊറോന. ആലപ്പുഴയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ഫാത്തിമ കോളജ്, എറണാകുളം സെന്റ് ആൽബർട്സ് എന്നിവിടങ്ങളിലായി കെമിസ്ട്രിയിൽ ബിരുദവും പിജിയും നേടിയ അദ്ദേഹം ബെംഗളൂരു ഐഐഎസ്‌സിയിൽ നിന്നു മെറ്റീരിയൽ സയൻസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. ഇതിനു ശേഷം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ബിരുദവും. 20 വർഷമായി യുഎസിലാണ്. യുഎസിൽ ഹെൽത്ത് കെയർ ഓഡിറ്ററായ ഫെലീഷ്യയാണു ഭാര്യ. 

English Summary: Nuclear fusion technology edges closer to reality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA