ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇടക്കാല സർക്കാരിലെ 14 അംഗങ്ങൾ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയിൽ ഉള്ളവർ. ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദ്, ഉപപ്രധാനമന്ത്രിമാരായ മുല്ല ബറാദർ, മൗലവി അബ്ദുൽ സലാം ഹനഫി എന്നിവർ അടക്കമാണിത്. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയെ പിടിക്കാൻ യുഎസ് സർക്കാർ ഒരു കോടി ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. പ്രതിരോധ മന്ത്രി മുല്ല യാക്കൂബ്, വിദേശകാര്യ മന്ത്രി മുല്ല അമീർ ഖാൻ മുത്തഖി എന്നിവരെല്ലാം രക്ഷാസമിതി 1988 ൽ കൊണ്ടുവന്ന പട്ടികയിലുണ്ട്. 

2001 മുതൽ യുഎസ് അധിനിവേശത്തിനെതിരെ പോരാടിയവരാണു താലിബാൻ പ്രഖ്യാപിച്ച കാബിനറ്റിലെ അംഗങ്ങളെല്ലാം. അമേരിക്കയുടെ ഗ്വാണ്ടനാമോ ജയിലിൽ 14 വർഷം തടവുശിക്ഷ അനുഭവിച്ച താലിബാന്റെ 5 നേതാക്കളും സർക്കാരിന്റെ ഭാഗമാണ്. മുഹമ്മദ് ഫാസിൽ (ഉപ പ്രതിരോധമന്ത്രി), ഖൈറുല്ല ഖൈർക്വ (സാംസ്കാരിക മന്ത്രി), മുല്ല നൂറുല്ല നൂരി (അതിർത്തി, ഗോത്രകാര്യ മന്ത്രി), മുല്ല അബ്ദുല്ല ഹഖ് വാസിഖ് (രഹസ്യാന്വേഷണ വിഭാഗം തലവൻ), മുഹമ്മദ് ഒമറി (ഖോസ്ത് പ്രവിശ്യ ഗവർണർ) എന്നിവരാണ് ഈ നേതാക്കൾ. 2014 ലാണ് യുഎസ് ഇവരെ വിട്ടയച്ചത്. ഫാസിലും നൂരിയും 1998 ൽ മസാരെ ഷെരീഫിലെ ഉസ്ബെക്, താജിക്, ഷിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയവരാണ്. 

അഫ്ഗാനിസ്ഥാന്റെ സങ്കീർണമായ ഗോത്രവൈവിധ്യത്തെ ഉൾക്കൊള്ളും വിധം വിശാല സർക്കാരാണു താലിബാൻ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും മുഖ്യ ന്യൂനപക്ഷമായ ഹസാരെ സമൂഹത്തിനും സ്ത്രീകൾക്കും 33 അംഗ സർക്കാരിൽ പ്രാതിനിധ്യമില്ല. തീവ്രനിലപാടുകാരായ നേതാക്കളാണു പ്രധാനപദവികളിലെല്ലാം. 

പ്രധാനമന്ത്രി മുല്ലാ ഹസൻ താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്തനായിരുന്നു. താലിബാൻ ഉന്നതാധികാര സമിതിയായ ശൂരാ കൗൺസിൽ മേധാവിയുമാണ്. സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ ജലാലുദ്ദീൻ ഹഖാനിയുടെ മകനാണ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. അഫ്ഗാനിൽ യുഎസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണ്. ഹഖാനി കുടുംബത്തിലെ മറ്റു 2 അംഗങ്ങൾ കൂടി ഇടക്കാല സർക്കാരിലുണ്ട്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വർക്ക്. മന്ത്രിസഭയിലെ അവരുടെ നിർണായക പങ്കാളിത്തം പാക്ക് ഇടപെടലിനുള്ള വ്യക്തമായ തെളിവു കൂടിയാണ്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവൻ ജനറൽ ഫായിസ് ഹമീദ് കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായിരുന്നു. 

ഇടക്കാല സർക്കാർ ശുഭപ്രതീക്ഷ നൽകുന്നില്ലെന്ന് ജർമനി പ്രതികരിച്ചു. അതേസമയം, അഫ്ഗാൻ പുനർനിർമാണത്തിലെ അനിവാര്യമായ ചുവടാണ് ഇടക്കാല സർക്കാർ രൂപീകരണമെന്നും രാജ്യത്തെ അരാജകത്വത്തിന് അവസാനമായെന്നും ചൈന പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കു പ്രാതിനിധ്യം ലഭിക്കാതെ പോയത് ആശങ്കാജനകമാണെന്ന് ഇറാൻ പ്രതികരിച്ചു. ശക്തമായ പാക്ക് മുദ്രയുള്ള സർക്കാർ എന്നാണു ഇന്ത്യയിലെ നയതന്ത്ര വിദഗ്ധർ വിലയിരുത്തിയത്. 

പിഎച്ച്ഡി എന്തിനു കൊള്ളാമെന്ന് വിദ്യാഭ്യാസ മന്ത്രി

കാബൂൾ ∙ പിഎച്ച്ഡിക്കോ മാസ്റ്റർ ബിരുദത്തിനോ ഇക്കാലത്തു മൂല്യമില്ലെന്ന് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീർ പറഞ്ഞു. ഇപ്പോൾ അധികാരമേറ്റ മുല്ലമാർക്കു പിഎച്ച്ഡി ഇല്ല. ഹൈസ്കൂൾ യോഗ്യത പോലുമില്ല. പക്ഷേ, പിഎച്ച്ഡിക്കാരെക്കാൾ കേമന്മാരാണ് അവർ– സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ ഷെയ്ഖ് മുനീർ പറയുന്നു. 

English Summary: Pak Role In Taliban Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com