ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സർവകലാശാലകളിൽ പ്രത്യേക ക്ലാസ് മുറികൾ. പെൺകുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാർ മാത്രം ആയിരിക്കും. വിദ്യാർഥിനികൾ ഹിജാബ് ധരിക്കണം. താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനി ആണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യത്തിന് അധ്യാപികമാരുള്ളത് ഭാഗ്യമായെന്നും ഹഖാനി പറഞ്ഞു. 

അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ ക്ലാസിൽ പെൺകുട്ടികൾക്ക് ഇരിക്കേണ്ടിവന്നാൽ ശരിയത്ത് പ്രകാരമുള്ള വേഷം ധരിച്ചിരിക്കണം  ആൺകുട്ടികൾ ഉള്ള ക്ലാസ് മുറികളാണെങ്കിൽ രണ്ടായി തിരിച്ചിരിക്കണം. സിസിടിവി വഴിയും ക്ലാസ് നടത്താം. ഇസ്‌ലാമിക രീതിയിലുള്ള വേഷം നിർബന്ധമാണെന്ന് മാധ്യമസമ്മേളനത്തിൽ പറഞ്ഞ ഹഖാനി പക്ഷേ മുഖംമറയ്ക്കണമോ എന്ന കാര്യം വ്യക്തമാക്കിയില്ല. കരിക്കുലത്തിൽ മാറ്റം വരുത്തും.  20 വർഷം മുൻപ് താലിബാൻ ഭരണം നടത്തിയപ്പോൾ സ്ത്രീകൾക്ക് പുറത്തുപോകാനോ പഠിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.

‘താലിബാൻ യൂണിവേഴ്സിറ്റി’ എന്നറിയിപ്പെടുന്ന പാക്കിസ്ഥാനിലെ ഹഖാനിയ സെമിനാരിയിൽ ആണ് താൻ പഠിച്ചതെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് വെളിപ്പെടുത്തി. ഇപ്പോഴത്തെ പല മന്ത്രിമാരും അവിടെ പരിശീലനം ലഭിച്ചവരാണെന്നും പാക്ക് സർക്കാർ അതിന് ധനസഹായം നൽകിയിരുന്നതായും മുജാഹിദ് വെളിപ്പെടുത്തി.

ഇതിനിടെ കാബൂളിലെ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് കാബൂൾ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റി. മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ദോസ്തം താമസിച്ചിരുന്ന ആഡംബര ബംഗ്ലാവ് താലിബാൻ സംഘം പിടിച്ചെടുത്തു. വടക്കൻ സഖ്യത്തിലെ പ്രമുഖനായ ദോസ്തം താലിബാന്റെ മുഖ്യശത്രുക്കളിൽ ഒരാളാണ്. 

അഫ്ഗാനിലെ നഷ്ടസംഗീതം!

പെഷവാർ ∙ പ്രശസ്തമായ അഫ്ഗാൻ സംഗീതം നിശബ്ദമാകുന്നു. പാക്കിസ്ഥാനിൽ അഫ്ഗാൻ സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്ന സ്ഥാപനങ്ങൾ ഓരോന്നായി താഴിട്ടുതുടങ്ങി. അഫ്ഗാനിസ്ഥാനിലെ സംഗീതജ്ഞർ പലരും ഒളിവിൽ പോയി, ചിലർ പാക്കിസ്ഥാനിലേക്ക് കടന്നു. 

English Summary: Taliban say girls, women may study in no-men classrooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com