സാമ്പത്തിക പ്രതിസന്ധി രൂക്ഷം; അഫ്ഗാന് 2 കോടി ഡോളർ യുഎൻ സഹായം

PIA-flight
താലിബാൻ ആധിപത്യത്തിനു ശേഷം അഫ്ഗാനിലിറങ്ങിയ ആദ്യ രാജ്യാന്തര വിമാനസർവീസായ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈനിന്റെ വിമാനം യാത്രക്കാരുമായി കാബൂളിൽനിന്നു മടങ്ങുന്നു. തോക്കുമായി നിൽക്കുന്ന താലിബാൻ അംഗത്തെയും കാണാം. ചിത്രം: എഎഫ്പി
SHARE

ജനീവ ∙ അഫ്ഗാനിസ്ഥാനിലെ സഹായ പ്രവർത്തനങ്ങൾക്കു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് 2 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽനിന്നാണു തുക അനുവദിച്ചത്. 60 കോടി ഡോളർ രാജ്യാന്തര സഹായം വേണമെന്നും യുഎൻ അഭ്യർഥിച്ചു.  

ഭക്ഷ്യക്ഷാമത്തിനൊപ്പം കടുത്ത പണക്ഷാമവും നേരിടുന്ന അഫ്ഗാനി‍ൽ പലരും വീട്ടുസാധനങ്ങൾ വരെ വിറ്റുതുടങ്ങിയെന്നാണ് റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടേത് അടക്കം വിദേശസഹായങ്ങൾ നിലച്ചതു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. യുഎൻ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ സർക്കാരിന്റെ പിന്തുണ ഉറപ്പാക്കാൻ യുഎൻ റിലീഫ് മേധാവി മാർട്ടിൻ ഗ്രിഫിത്‌സ് കഴിഞ്ഞയാഴ്ച കാബൂളിലെത്തിയിരുന്നു.

അതേസമയം, സ്ത്രീഅവകാശകളുമായി ബന്ധപ്പെട്ടു നേരത്തേ താലിബാൻ നേതാക്കൾ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നുവെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മീഷേൽ ബച്ച്ലെ പറഞ്ഞു. അഫ്ഗാനിലെ പുതിയ സർക്കാരിൽ സ്ത്രീ പ്രാതിനിധ്യമില്ല. പല പ്രവിശ്യകളിലും 12 വയസ്സിനു മുകളിലുള്ള പെൺകുട്ടികളെ സ്കൂളിൽ നിന്നു വിലക്കിയെന്നും സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നു മീഷേൽ ബച്ച്‌ലെ പറഞ്ഞു. മുൻ സർക്കാരിലെ ഉദ്യോഗസ്ഥരെയും സൈനികരെയും തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്. 

സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്നും താലിബാൻ സർക്കാരിന് അംഗീകാരം നൽകാൻ സമയമായിട്ടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി ദോഹയിൽ പറഞ്ഞു. ഞായറാഴ്ച കാബൂളിൽ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

താലിബാൻ വന്നശേഷമുള്ള, പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈനിന്റെ ആദ്യ വിമാനം ഇന്നലെ കാബൂളിൽ ഇറങ്ങി. കാബൂൾ രാജ്യാന്തര വിമാനത്താവളം പൂർണനിലയിൽ സജ്ജമായിട്ടില്ല. ഖത്തർ എയർലൈൻസിന്റെ ചാർട്ടേഡ് വിമാനങ്ങളിൽ നൂറുകണക്കിനു വിദേശികൾക്കൊപ്പം അഫ്ഗാൻ പൗരന്മാരും കഴിഞ്ഞ ആഴ്ചയിൽ കാബൂൾ വിട്ടു.

English Summary: Two crore dollar UN help for Afghanistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA