ADVERTISEMENT

പാരിസ് ∙രണ്ടു നൂറ്റാണ്ടിലേറെയായി അമേരിക്കയുടെ സഖ്യകക്ഷിയായ ഫ്രാൻസ് യുഎസ് അംബാസഡറെ തിരിച്ചുവിളിച്ചു. തന്ത്രപ്രധാനമായ ഇന്ത്യ–പസിഫിക് മേഖലയിലെ യുഎസ്, യുകെ, ഓസ്ട്രേലിയ ത്രികക്ഷി സുരക്ഷാ സഖ്യം (ഓകസ്) രൂപീകരിച്ചതിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണിത്. ഓസ്ട്രേലിയയിലെ നയതന്ത്രപ്രതിനിധികളെയും ഫ്രാൻസ് തിരിച്ചുവിളിച്ചു.

ഫ്രാൻസുമായുള്ള മുങ്ങിക്കപ്പൽ ഇടപാട് റദ്ദാക്കി ഓസ്ട്രേലിയ ഓകസിന്റെ ഭാഗമായി യുഎസ്,യുകെ ആണവ മുങ്ങിക്കപ്പൽ സാങ്കേതികവിദ്യ വാങ്ങാൻ തീരുമാനിച്ചതു പ്രകോപനമായി. ഓസ്ട്രേലിയയുടെയും യുഎസിന്റെയും നടപടി സഖ്യകക്ഷികൾ തമ്മിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും പിന്നിൽ നിന്നു കുത്തുന്നതിനു തുല്യമാണിതെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രയൻ പറഞ്ഞു.

ചൈനയിൽ നിന്നുള്ള ഭീഷണി നേരിടുന്നതിനാണ് യുഎസ് മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം ഓകസ് രൂപീകരിച്ചത്. സഖ്യത്തിന്റെ ഭാഗമായി യുഎസ്, യുകെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആണവ മുങ്ങിക്കപ്പലുകൾ ഓസ്ട്രേലിയയ്ക്ക് ലഭ്യമാക്കാനും തീരുമാനമായി. ഇതോടെ 2016ൽ ഫ്രഞ്ച് കമ്പനിയായ നേവൽ ഗ്രൂപ്പുമായി ഓസ്ട്രേലിയ ഒപ്പിട്ട 9000 കോടി ഓസ്ട്രേലിയൻ ഡോളറിന്റെ (4,66,200 കോടിയോളം രൂപ) മുങ്ങിക്കപ്പൽ കരാർ റദ്ദായി. 12 മുങ്ങിക്കപ്പലുകൾ വാങ്ങാനായിരുന്നു കരാർ. നിലവിൽ ഇന്ത്യ അടക്കം 6 രാജ്യങ്ങൾക്കു മാത്രമേ ആണവ മുങ്ങിക്കപ്പലുകളുള്ളൂ. ഈ കരാർ നടപ്പായാൽ ആണവശക്തിയല്ലാത്ത ഓസ്ട്രേലിയ കൂടി ഈ പട്ടികയിലേക്കു വരും.

അംബാസഡറെ തിരിച്ചുവിളിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനം നിർഭാഗ്യകരമെന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് എമിലി ഹോൺ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ച് പരമ്പരാഗത സഖ്യകക്ഷിയായ ഫ്രാൻസുമായുള്ള നല്ല ബന്ധം തുടരാൻ ബൈഡൻ ഭരണകൂടം നടപടി ആരംഭിച്ചതായും അവർ പറഞ്ഞു. ഫ്രാൻസുമായുള്ള ബന്ധത്തിന് യുഎസ് അതീവപ്രാധാന്യം നൽകുന്നുണ്ടെന്നും വൈകാതെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസും പറഞ്ഞു.

English Summary: In a first, France recalls its envoy to US, Australia over submarine deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com