ADVERTISEMENT

കാബൂൾ ∙ ഉപമന്ത്രിമാരെ ഉൾപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇടക്കാല മന്ത്രിസഭ വികസിപ്പിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയിലുള്ളവരും തീവ്രനിലപാടുകാരുമായ നേതാക്കൾ പുതിയ പട്ടികയിലുമുണ്ട്. ഇത്തവണയും വനിതാ പ്രാതിനിധ്യമില്ല.

ഉപമന്ത്രിമാരായി നിയമിക്കപ്പെട്ട മുല്ല അബ്ദുൽ ഖയ്യൂം സാക്കിർ (പ്രതിരോധം), സദ്‌ർ ഇബ്രാഹിം (ആഭ്യന്തരം) എന്നിവർ യുഎസിനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് കമാൻഡർ തലത്തിൽ നേതൃത്വം നൽകിയവരാണ്. അമേരിക്കയുടെ ഗ്വാണ്ടനാമോ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള സാക്കിർ, താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്തനുമായിരുന്നു.

മുഖ്യ ന്യൂനപക്ഷമായ ഹസാരെ സമൂഹത്തിന് പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും സ്ത്രീകളെ പിന്നീട് പരിഗണിക്കുമെന്നും താലിബാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. സർക്കാരിന് രാജ്യാന്തര അംഗീകാരം വൈകുന്നതിൽ അതൃപ്തി അറിയിച്ച അദ്ദേഹം, അംഗീകാരം ലഭ്യമാക്കേണ്ടത് യുഎന്നിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

താലിബാൻ സർക്കാരിന്റെ ആദ്യപട്ടികയിൽ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദ്, ഉപപ്രധാനമന്ത്രിമാരായ മുല്ല ബറാദർ, മൗലവി അബ്ദുൽ സലാം ഹനഫി എന്നിവരടക്കം14 പേർ ഭീകരപട്ടികയിൽ ഉൾപ്പെട്ടവരായിരുന്നു.

∙പെൺകുട്ടികൾക്കു പ്രവേശനം നൽകും: ഹൈസ്കൂൾ ക്ലാസുകളിൽ പെൺകുട്ടികളെ വിലക്കിയത് താൽക്കാലിക നടപടിയാണെന്നു താലിബാൻ വക്താവ് പറഞ്ഞു.

∙ ഐഎസ്, അൽഖായിദ സാന്നിധ്യമില്ല: രാജ്യത്ത് ഐഎസ്, അൽഖായിദ ഭീകരർ ഉണ്ടെന്നതിനു തെളിവില്ലെന്ന് വക്താവ് അവകാശപ്പെട്ടു. അഫ്ഗാൻ കേന്ദ്രമാക്കി മറ്റൊരു രാജ്യത്തിനു നേരെയും ആക്രമണമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

English summary: Taliban names remaining cabinet members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com