ADVERTISEMENT

സ്റ്റോക്കോം ∙ കോളനിവാഴ്ചയുടെ പ്രത്യാഘാതങ്ങളും അഭയാർഥിജീവിതവും ആവിഷ്കരിച്ച ടാൻസനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർനയ്ക്ക് (72) സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഈ ബഹുമതി നേടുന്ന ആറാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ്; ഈ വർഷം നൊബേൽ പുരസ്കാരം നേടുന്ന ആദ്യ ആഫ്രിക്കൻ വംശജനും.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസനിയയുടെ ഭാഗമായ സൻസിബർ ദ്വീപിൽ 1948 ൽ ജനിച്ച ഗുർന, ബ്രിട്ടനിലാണു താമസം. മാതൃഭാഷ സ്വാഹിലിയാണെങ്കിലും ഇംഗ്ലിഷിലാണ് എഴുതുന്നത്. 10 നോവലുകളും ഒട്ടേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. സമ്മാനത്തുക: ഒരു കോടി സ്വീഡിസ് ക്രോണർ (ഏകദേശം 8.43 കോടി രൂപ).

‘കോളനിവാഴ്ചയ്ക്കു ശേഷമുള്ള കാലത്തെ ഏറ്റവും ഉന്നതനായ എഴുത്തുകാരൻ’ എന്നാണു നൊബേൽ സമ്മാന സമിതി ഗുർനയെ വിശേഷിപ്പിക്കുന്നത്. വീട്ടുവീഴ്ചയില്ലാതെ, ഏറ്റവും സഹാനുഭൂതിയോടെ കിഴക്കൻ ആഫ്രിക്കൻ ദേശങ്ങളിലെ കോളനിവാഴ്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചാണു ഗുർന എഴുതുന്നത്. ഭൂഖണ്ഡങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ കുടുങ്ങിയ അഭയാർഥികളുടെ ജീവിതമാണ് ആ രചനകൾ’– നൊബേൽ സമിതി തലവൻ ആൻഡേഴ്സ് ഒർസൻ പറഞ്ഞു. ‘വിസ്മയകരമായ ഈ അംഗീകാരം ആഫ്രിക്കയ്ക്കും ആഫ്രിക്കക്കാർക്കും സമർപ്പിക്കുന്നു’വെന്നു ഗുർന ട്വീറ്റ് ചെയ്തു. 1964 ൽ സൻസിബറിൽ ആഭ്യന്തര കലാപത്തെത്തുടർന്നു 18–ാം വയസ്സിൽ അഭയാർഥിയായി ബ്രിട്ടനിലെത്തി.

20–ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ടാൻസനിയ പശ്ചാത്തലമായ ‘പാരഡൈസ്’ 1994 ൽ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടം നേടി. ബ്രിട്ടനിലെ കുടിയേറ്റ ജീവിതം പ്രമേയമായ മെമ്മറി ഓഫ് ഡിപാർചർ, പിൽഗ്രിംസ് വേ, അഡ്മൈറിങ് സൈലൻസ്,‘ആഫ്റ്റർലൈവ്സ്’ എന്നിവ ശ്രദ്ധേയമായ നോവലുകൾ. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് കെന്റിൽ ഇംഗ്ലിഷ് പ്രഫസറായിരുന്നു. 

സമാധാന നൊബേൽ സമ്മാനം ഇന്നു  11നു (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30)  ഓസ്‌ലോയിൽ പ്രഖ്യാപിക്കും. 

English Summary: Novelist Abdulrazak Gurnah wins 2021 Nobel Prize in literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com