നിർഭയ മാധ്യമപ്രവർത്തനത്തിന് സമാധാന നൊബേൽ

maria-dmitry
മരിയ റെസ, ദിമിത്രി മുറടോവ്
SHARE

ഓസ്‌ലോ ∙ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പോരാളികളായ ഫിലിപ്പീൻസിലെ മരിയ റെസയും (58) റഷ്യയിലെ ദിമിത്രി മുറടോവും (59) ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനം പങ്കിട്ടു. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിച്ചുകണ്ടെത്തിയ ‘റാപ്ലർ’ എന്ന ന്യൂസ് വെബ്സൈറ്റിന്റെ (2012) സഹസ്ഥാപകയാണു റെസ. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അധികാരികൾ നടത്തിയ നുണപ്രചരണങ്ങളെയും അവർ തുറന്നുകാട്ടി.

റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ ‘നൊവയ ഗസറ്റ’യുടെ (1993) സ്ഥാപകരിലൊരാളാണു മുറടോവ്. ചെച്നിയൻ യുദ്ധം റിപ്പോർട്ട് ചെയ്തു ലോകപ്രശസ്തയായ അന്ന പൊളിറ്റ്കോവ്സ്ക്യ അടക്കം നൊവയ ഗസറ്റയുടെ 6 മാധ്യമ പ്രവർത്തകരാണു 1993 നു ശേഷം കൊല്ലപ്പെട്ടത്. 

ജനാധിപത്യത്തിനും ശാശ്വത സമാധാനത്തിനും അനിവാര്യമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇരുവരും നടത്തിയ ധീരമായ പോരാട്ടത്തിനാണ് അംഗീകാരമെന്നു നൊബേൽ സമ്മാന സമിതി അറിയിച്ചു. മാധ്യമ പ്രവർത്തനം തുടർച്ചയായ വെല്ലുവിളികൾ നേരിടുന്ന ലോകത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പൊരുതുന്ന എല്ലാ മാധ്യമപ്രവർത്തരുടെയും പ്രതിനിധികളാണ് ഇരുവരുമെന്നും സമിതി അധ്യക്ഷ ബെറിറ്റ് റെയ്സ് ആൻഡേഴ്സൻ പറഞ്ഞു.

ഗോൾഡ് മെഡലും ഒരു കോടി സ്വീഡിഷ് ക്രോണറുമാണു സമ്മാനത്തുക (ഏകദേശം 8.43 കോടി രൂപ)

ആഗോള മാധ്യമ കൂട്ടായ്മയായ വാൻ ഇഫ്രയുടെ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം പുരസ്കാരം മരിയ റെസയും (2016) ദിമിത്രി മുറടോവും (2018) നേടിയിട്ടുണ്ട്. 126 വർഷം പിന്നിടുന്ന നൊബേൽ സമ്മാന ചരിത്രത്തിൽ പുരസ്കാരം നേടുന്ന 18–ാമത്തെ വനിതയാണു മരിയ റെസ.

1935 ലാണ് ഇതിനു മുൻപ് മാധ്യമപ്രവർത്തനത്തിനു സമാധാന നൊബേൽ ലഭിച്ചത്. ഒന്നാം ലോകയുദ്ധത്തിനുശേഷം ജർമനി രഹസ്യമായി ആയുധങ്ങൾ ഉണ്ടാക്കുന്നുവെന്നു കണ്ടെത്തിയ കാൾ ഒസീറ്റ്സ്കിക്കായിരുന്നു അന്ന് പുരസ്കാരം നൽകിയത്.

English Summary: Nobel Peace Prize 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA