ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ട എ.ക്യു.ഖാൻ (അബ്ദുൽ ഖാദിർ ഖാൻ– 85) അന്തരിച്ചു. കോവിഡ് അനന്തര ബുദ്ധിമുട്ടുകൾ കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മധ്യപ്രദേശിലെ ഭോപാലിൽ 1936ൽ ജനിച്ചു. 1947ൽ വിഭജനത്തെ തുടർന്നാണ് ഖാന്റെ കുടുംബം പാക്കിസ്ഥാനിലേക്കു പോയത്. യൂറോപ്പിലായിരുന്നു വിദ്യാഭ്യാസം. ഏഴുപതുകളിൽ ഡച്ച് ആണവ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുറേനിയം സമ്പുഷ്‌ടീകരിക്കുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കിയത്. 1976ൽ പാക്കിസ്ഥാനിൽ മടങ്ങിയെത്തി. 1998ൽ ആണവ പരീക്ഷണം നടത്തിയതോടെ ഖാൻ പാക്കിസ്ഥാനിൽ ദേശീയ ഹീറോ ആയി മാറി. പാക്കിസ്ഥാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയും ലഭിച്ചു.

എന്നാൽ ചൈന, ഇറാൻ, ഉത്തര കൊറിയ, ലിബിയ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങൾക്ക് അണ്വായുധ സാങ്കേതികവിദ്യ കൈമാറിയെന്ന സംഭവം 2004ൽ പുറത്തുവന്നതോടെ ഖാൻ പ്രതിക്കൂട്ടിലായി. പാക്കിസ്ഥാൻ സർക്കാരിന്റെയും പട്ടാളത്തിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് ആണവ രഹസ്യങ്ങൾ കൈമാറിയതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇക്കാര്യം രാജ്യാന്തര ചർച്ചയാകുകയും അതു തെളിയിക്കുന്ന പല വിവരങ്ങളും പുറത്തുവരികയും ചെയ്തതോടെ ഖാൻ പാക്ക് ഭരണകൂടത്തിന് അനഭിമതനായി. 2004 ഫെബ്രുവരിയിൽ അന്നത്തെ പ്രസിഡന്റ് പർവേശ് മുഷറഫ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. 2009ൽ കോടതി മോചിപ്പിച്ചെങ്കിലും പാക്ക് സർക്കാരിന്റെ കർശന നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. 2012ൽ തെഹ്‌രീകെ തഹാഫുസ് പാക്കിസ്ഥാൻ എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കി.

രാജ്യത്തിന് ആണവ സുരക്ഷ നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണു എ.ക്യു. ഖാൻ എന്നും പാക്ക് ജനതയ്ക്ക് എന്നും അദ്ദേഹം ഹീറോ ആണെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

 

English Summary: Abdul Qadeer Khan, father of Pakistan’s nuclear programme, passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com