ADVERTISEMENT

ടോക്കിയോ ∙ കൊമുറോവിന്റെ കൈ കോർത്തു പിടിച്ചു മാകോ രാജകുമാരി പറഞ്ഞു,‘‘ഈ വിരലുകൾ ചേർത്തു പിടിക്കുവോളം വലുതല്ല, എനിക്കു മറ്റൊന്നും.’’ എതിർപ്പുകളെ അതിജീവിച്ച്, അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു ജപ്പാൻ രാജകുമാരി മാകോയും കോളജിൽ കണ്ടുമുട്ടിയ കാമുകൻ കെയ് കൊമുറോവും ഒന്നിച്ചു.

ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപ (14 കോടി യെൻ) മാകോ വേണ്ടെന്നു വയ്ക്കുകയും ചെയ്തു.

ടോക്കിയോയിലെ ഇന്റർനാഷനൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ സഹപാഠികളായിരുന്ന ഇരുവരും എതിർപ്പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് വിവാഹിതരായത്. രാജകീയ ആചാരങ്ങളോ സൽക്കാരമോ ഇല്ലാതെ റജിസ്റ്റർ ഓഫിസിൽ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി.

മാകോയും കൊമുറോവും 2018 ൽ വിവാഹം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, കൊമുറോവിന്റെ മാതാവിന്റെ പേരിലുണ്ടായ സാമ്പത്തിക ആരോപണം കാരണം ചടങ്ങ് വൈകി.

വിവാദങ്ങളും പ്രണയത്തോടുള്ള എതിർപ്പും കാരണമുണ്ടായ മാനസിക സമ്മർദത്തിനു ചികിത്സയിലായിരുന്ന മാകോ സുഖം പ്രാപിച്ചു വരികയാണ്. ദമ്പതികൾ വൈകാതെ ന്യൂയോർക്കിലേക്കു താമസം മാറും.

English Summary: Japan princess Mako Komuro gives up royal status to marry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com