ADVERTISEMENT

ബെയ്ജിങ് ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം ‘ചരിത്രപരമായ പ്രമേയം’ പാസാക്കിയതോടെ ചരിത്രത്തിൽ ഇടംപിടിക്കുകയാണ് പ്രസിഡന്റ് ഷി ചിൻപിങ്. എല്ലാ ഉന്നത നേതാക്കളും പങ്കെടുത്ത പ്ലീനത്തെ ‘ചരിത്രം മാറ്റിയെഴുതാൻ’ ചേർന്നതെന്നാണ് വിമർശകർ നിരീക്ഷിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പദവി തുടർച്ചയായി 2 തവണ എന്ന വ്യവസ്ഥ 2018 ൽ നീക്കം ചെയ്തപ്പോൾ തന്നെ ചൈനയുടെ ഭാവിചരിത്രം ഷി ചിൻപിങ്ങിന് (68) ചുറ്റുമാകുമെന്ന് വ്യക്തമായിരുന്നു.

മാവോ സെ ദുങ്ങിനു ശേഷമുള്ള ഏറ്റവും പ്രമുഖ നേതാവ് എന്ന ഷിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സമ്മേളനം. പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണയാണ് ‘ചരിത്രപരമായ പ്രമേയം’ പാസാക്കാൻ പ്ലീനം വിളിച്ചുചേർത്തത്. മുൻപ് 1945 ൽ മാവോയുടെ അധീശത്വം സ്ഥാപിക്കുന്നതിനും 1981 ൽ മാവോയിസത്തെ തള്ളി ഡെങ്ങിന്റെ പരിഷ്കാരങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് സമാനമായ സമ്മേളനം നടന്നത്.  

സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോയ്ക്കു വേണ്ടി ഷി ചിൻപിങ്ങ് പ്രവർത്തന രേഖ അവതരിപ്പിച്ചു. തുടർന്ന് പ്രമേയത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും സംസാരിച്ചു. അടുത്ത വർഷം പകുതിയോടെ ബെയ്ജിങ്ങിൽ നടത്താനിരിക്കുന്ന പാർട്ടി കോൺഗ്രസിനെപ്പറ്റിയും ചർച്ച നടന്നു. 370 നേതാക്കൾ പങ്കെടുത്തു. ഭാവി നേതാക്കളെ തിരഞ്ഞെടുക്കുന്നതും പ്ലീനം ആണ്. 

പാർട്ടിയുടെ ചരിത്രവും നേട്ടങ്ങളും അടങ്ങുന്ന പ്രമേയം അംഗീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു. പാർട്ടി നേതൃത്വത്തിന് മുഖ്യസ്ഥാനം നൽകി 10 മേഖലകളിൽ ദൃഢത വരുത്തണമെന്നാണ് പാർട്ടി ചരിത്രം പഠിപ്പിക്കുന്നതെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തിയെന്ന് സിൻഹുവ അറിയിച്ചു. 

Content Highlights: China, Xi Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com