ADVERTISEMENT

ന്യൂഡൽഹി ∙ ഷി ചിൻ പിങ്ങാണ് ചൈനയിൽ ആദ്യത്തെയും അവസാനത്തെയും വാക്കെന്നു പ്രഖ്യാപിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) 19–ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനം സമാപിച്ചത്. ‘ചൈനീസ് രീതിയിലുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ചിൻപിങ് ചിന്ത’ – അതാണ് സമകാലിക ചൈനയുടെയും 21–ാം നൂറ്റാണ്ടിന്റെയും മാർക്സിസമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. 

രാജ്യത്തിന്റെ പ്രസിഡന്റും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായി ഷി തുടരുന്നതിനുള്ള വഴികൾ നേരത്തെ തീരുമാനിച്ചതാണ്. പ്ലീനം പാസാക്കിയ ‘ചരിത്രപരമായ പ്രമേയ’ത്തിന്റെ ഉള്ളടക്കത്തിൽനിന്ന് പുറത്തുവന്നിട്ടുള്ള വിവരങ്ങളനുസരിച്ച്, ആ തീരുമാനം അടിവരയിട്ടു പറയുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. 

1921 ൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് പാർട്ടി നൂറ്റാണ്ടു തികയ്ക്കുന്ന വേളയ്ക്കായി 2 ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചത്: ഒന്ന് – 2021 ന് അകം മിതമായി അഭിവൃദ്ധിയുള്ള സമൂഹമാകുക; രണ്ട് – 2049 ന് അകം, പൂർണമായി വികസിച്ചതും സമ്പന്നവും ശക്തവുമായ രാഷ്ട്രമാകുക. ആദ്യ ലക്ഷ്യം കൈവരിച്ചുവെന്നാണ് വിലയിരുത്തൽ. ദേശീയ പുനരുജ്ജീവനം എന്ന ചൈനീസ് സ്വപ്നത്തിലേക്കാണ് പാർട്ടി ഇനി പോകുക. 

പാർട്ടിയിലും രാജ്യത്തും സമീപകാലങ്ങളിൽ വന്നതായി പ്ലീനം വിലയിരുത്തുന്ന മാറ്റങ്ങളിൽ ചിലത് ഇവയാണ്:

∙സ്വയം പരിഷ്കരിക്കാനും സംശുദ്ധി നിലനിർത്താനും പാർട്ടിക്കുള്ള ശേഷി ഗണ്യമായി മെച്ചപ്പെട്ടു

∙പാർട്ടി സംഘടനകളിലെ അലസവും ദുർബലവുമായ ഭരണരീതികളെന്ന പ്രശ്നം പരിഹരിച്ചു

∙അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ നേട്ടം സാധ്യമായി. 

∙സാമ്പത്തിക വളർച്ച കൂടുതൽ സന്തുലിതവും ഏകോപിതവും സുസ്ഥിരവുമായി.

∙സമ്പദ്‌വ്യവസ്ഥ ഉയർന്ന നിലവാരമുള്ള വികസനത്തിന്റെ പാതയിലെത്തി.

∙ചൈനയെ നിയമവാഴ്ചയുള്ള രാജ്യമാക്കി മാറ്റുന്നതിൽ മികച്ച പുരോഗതിയുണ്ടായി

പ്രായമാകാത്ത പാർട്ടി

രൂപീകൃതമായി 100 വർഷമായെങ്കിലും പാർട്ടി അതിന്റെ നല്ല കാലത്തിലാണെന്ന് പ്രമേയം വിലയിരുത്തുന്നു. എന്താണ് പാർട്ടിയെന്നും അതിന്റെ ലക്ഷ്യം എന്തെന്നും മറന്നുപോകരുതെന്നാണ് പ്രമേയം പാർട്ടി അംഗങ്ങളോടു നിർദേശിക്കുന്നത്. ആദർശങ്ങളും ബോധ്യങ്ങളും നഷ്ടപ്പെടരുത്, പാർട്ടിയുടെ ലക്ഷ്യത്തോട് കൂറു പുലർത്തണം. മിതത്വം പാലിക്കണം, അഹങ്കരിക്കരുത്, കഠിനമായി അധ്വാനിക്കണം. പാർട്ടിയുടേതായ അച്ചടക്കവും സംശുദ്ധിയും മെച്ചപ്പെടുത്തുന്നതിലും അഴിമതിക്കെതിരെ പോരാടുന്നതിലും പ്രതിബദ്ധത വേണം. മൗലിക വിഷയങ്ങളിൽ, ദുരന്തമാകാവുന്ന തരം തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പാർട്ടി പൂർണമായിത്തന്നെ ജനങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിർത്തണം. 

വിപണി തുറന്നുകൊടുക്കും

പാർട്ടി പ്രമേയം പാസാക്കിയ ദിവസം തന്നെയാണ് 21 രാജ്യങ്ങളുടേതായ ഏഷ്യ–പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) കൂട്ടായ്മയുടെ സിഇഒ ഉച്ചകോടിയിൽ ഷി മുഖ്യപ്രഭാഷണം നടത്തിയത്. ആഗോള വിപണിയുടെയും സാമ്പത്തിക വളർച്ചയുടെയും കാര്യത്തിൽ തന്റെ ചിന്തയെന്തെന്ന് അദ്ദേഹം വ്യക്തമാക്കി. അതിങ്ങനെയാണ്:

∙പരമാവധി മേഖലകൾ തുറക്കാൻ രാജ്യങ്ങൾ തയാറാവണം. 

∙വ്യാപാര, നിക്ഷേപ മേഖലകൾ കൂടുതൽ ഉദാരമാക്കണം.

∙ചൈന വിദേശ മുതൽ മുടക്ക് അനുവദിക്കാത്ത മേഖലകളുടെ പട്ടിക ചുരുക്കും

∙കാർഷിക, ഉൽപാദന മേഖലകൾ പൂർണമായി തുറന്നുകൊടുക്കും, സേവന മേഖല തുറന്നുകൊടുക്കുന്നതിലും ഉദാര സമീപനം.

∙സ്വദേശി, വിദേശി ബിസിനസ് സംരംഭങ്ങൾക്ക് തുല്യപരിഗണന

∙വിപണി കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ മെച്ചപ്പെട്ട വികസനം ലക്ഷ്യമിടുന്നു. 

∙പൊതുമേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയുടെ വികസനത്തിനും പിന്തുണ നൽകും.

Content Highlights: China, Xi Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com