ADVERTISEMENT

ബോസ്റ്റൺ ∙ എച്ച്ഐവി പോസിറ്റീവ് ആയശേഷം ചികിത്സ കൂടാതെ വൈറസ് മുക്തനായ ലോകത്തെ രണ്ടാമത്തെ രോഗി അർജന്റീനയിലെ എസ്പെരാൻസ പട്ടണത്തിൽ. ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഇദ്ദേഹം ഉപയോഗിച്ചിട്ടില്ല. 

എച്ച്ഐവി ബാധിതരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടാതിരിക്കാൻ പേരിനു പകരം ഇവർ താമസിക്കുന്ന സ്ഥലങ്ങളുടെ കൂടെ പേഷ്യന്റ് എന്നു ചേർത്ത് ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. ഈ രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള 150 കോടിയിലധികം കോശങ്ങളിൽ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂർണമായി ഒഴിവായെന്നും ഗവേഷകർ അറിയിച്ചു. 

പഠനം ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു. മറ്റ് എച്ച്ഐവി ബാധിതരുടെ പ്രതിരോധവ്യവസ്ഥയെ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധം കൈവരിക്കാവുന്ന വിധം മാറ്റാനുള്ള മാർഗങ്ങൾ ഈ രോഗിയിൽ നടത്തുന്ന പഠനങ്ങളിലൂടെ ലഭിക്കുമെന്നു ഗവേഷകർ പ്രത്യാശിക്കുന്നു.

ആദ്യ വിമുക്തി യുഎസിൽ

എച്ച്ഐവി ബാധിക്കുമ്പോൾ, വൈറസ് അതിന്റെ ജനിതകഘടനയുടെ പകർപ്പുകൾ കോശങ്ങളിലെ ഡിഎൻഎയിലോ മറ്റു ജനിതകവസ്തുക്കളിലോ സൂക്ഷിക്കും. വൈറൽ റിസർവോയർ എന്നറിയപ്പെടുന്ന ഈ സംഭരണി ഉപയോഗിച്ച് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷനേടും.

ആന്റി റെട്രോവൈറൽ ചികിത്സയിലൂടെ വൈറസുകളുടെ പെരുക്കം തടയാമെങ്കിലും സംഭരണികൾ നിലനിൽക്കും. എന്നാൽ, എസ്പെരാൻസയിലെ രോഗിക്ക് ഈ വൈറൽ സംഭരണിയെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ചു നശിപ്പിക്കാൻ കഴിഞ്ഞു. ‘സ്റ്റെർലൈസിങ് ക്യൂർ’ എന്നു വൈദ്യശാസ്ത്രം വിളിക്കുന്ന ഈ സൗഖ്യം നേടാൻ കഴിഞ്ഞ വർഷം യുഎസിലെ സാൻഫ്രാൻസിസ്കോയിലുള്ള ഒരു രോഗിക്കും സാധിച്ചിരുന്നു.

English Summary: Second HIV patient cured of aids without treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com