ADVERTISEMENT

ഒമിക്രോൺ വൈറസിന്റെ ഉറവിടത്തെപ്പറ്റി ആശയക്കുഴപ്പം. നവംബർ 24ന് ദക്ഷിണാഫ്രിക്കയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു മുൻപുതന്നെ നെതർലൻഡ്സിൽ വൈറസ് സാന്നിധ്യം ഉണ്ടായതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അതിനും മുൻപ് നൈജീരിയയിൽ ഒമിക്രോൺ എത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. വിവരം പുറത്തുവിട്ട നൈജീരിയൻ ആരോഗ്യവകുപ്പ് പക്ഷേ, വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.

നെതർലൻഡ്സിലെ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നവംബർ 19നും 23നും ലഭിച്ച സാംപിളിൽ ഒമിക്രോൺ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നവംബർ 26ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് കണ്ടെത്തിയതെന്നാണ് നേരത്തേ നെതർലൻഡ്സ് പറഞ്ഞത്. ഒരു യാത്രക്കാരൻ മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നു വന്നതെന്നാണ് പുതിയ വിവരം.

ഇതിനിടെ, കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് പടരുകയാണ്. സൗദി അറേബ്യ, നോർവേ എന്നിവിടങ്ങളിലും ഇതാദ്യമായി കേസുകൾ റിപ്പോർട്ട് ചെയ്തു. കരുതിയിരിക്കണമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയെങ്കിലും രാജ്യമടച്ച് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനെ വീണ്ടും വിമർശിച്ചു. 56 രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ നടപടികൾ കടുപ്പിക്കുന്നു.

രണ്ടാമതും ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതോടെ ജപ്പാൻ ഈ മാസം അവസാനംവരെ വിദേശയാത്രക്കാരെ വിലക്കി. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും മറ്റു രാജ്യങ്ങളിലേക്ക് ജപ്പാൻ വഴി കടന്നു പോകുന്നവർക്കും തൽക്കാലം വിലക്കില്ല.  മടങ്ങിയെത്തുന്ന ജപ്പാൻ സ്വദേശികൾ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയണം.

യുകെയിൽ 22 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു. ഇതോടെ, ബൂസ്റ്റർ വാക്സിനേഷൻ വേഗത്തിലാക്കി. സ്വന്തം പൗരൻമാരുൾപ്പെടെ രാജ്യത്ത് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ് ആലോചിക്കുന്നു. ഒമിക്രോൺ ആശങ്കയെ തുടർന്ന് മലേഷ്യ 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം നിർത്തിവച്ചു. അയർലൻഡിലും പുതുതായി ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ജപ്പാൻ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി.  

Content Highlight: Omicron Variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com