ADVERTISEMENT

രൂക്ഷമായ കോവിഡ് തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണ് ലോകം. നിലവിൽ ലോകമെമ്പാടും ചികിത്സയിലുള്ളത് 3.39 കോടി ആളുകളാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് ശരാശരി 17.62 ലക്ഷം കേസുകൾ. യുഎസ് (31.3%), യുകെ (10.6%), ഫ്രാൻസ് (10.2%), ഇറ്റലി (6.6%), സ്പെയിൻ (6.1%) എന്നീ രാജ്യങ്ങളിലാണ് ആകെ കേസുകളുടെ 65%..

കോവിഡിന്റെ ആവിർഭാവം മുതൽ പല രാജ്യങ്ങളും ശക്തമായ 4 തരംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഇതിൽ ആദ്യത്തേതു കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു. കഴിഞ്ഞ 3 തരംഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ പ്രതിദിന കേസുകൾ. ഡിസംബർ 30ന് 19.49 ലക്ഷം കേസുകളായിരുന്നു. കഴിഞ്ഞദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 25.62 ലക്ഷം കേസുകളാണ്.

ഹോങ്കോങ്ങിൽ വിമാന വിലക്ക്

ഹോങ്കോങ്ങിൽ കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, യുഎസ്, ബ്രിട്ടൻ, പാക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ 8 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. നെതർലൻഡ്സിൽ ഇന്നലെ മാത്രം 24,000 കേസുകൾ റിപ്പോർട്ട് ചെയ്തു. 

യുഎസിൽ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണത്തിൽ 64% വർധനയുണ്ടായി. പ്രതിദിനം 672 കുട്ടികൾ യുഎസിൽ ആശുപത്രിയിലാകുന്നു. ജപ്പാനിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ സമ്മർദം ഏറുകയാണ്. ഫിലിപ്പീൻസിൽ പ്രശസ്തമായ ബ്ലാക്ക് നസ്റീൻ ഘോഷയാത്ര റദ്ദാക്കി. 

നാളെ മുതൽ ബ്രിട്ടനിലേക്ക് എത്തുന്നവർ യാത്രയ്ക്കു മുൻപായി കോവിഡ് പരിശോധന ചെയ്യേണ്ട കാര്യമില്ല. ബ്രിട്ടനിൽ  ആർടിപിസിആറിനു പകരം ലാറ്ററൽ ഫ്ലോ ടെസ്റ്റ് എന്ന പരിശോധനയ്ക്കു വിധേയരായാൽ മതി. എത്തുന്നതിന്റെ രണ്ടാം ദിനത്തിൽ ഇതു ചെയ്യാം. ഇതു പോസിറ്റീവാണെങ്കിൽ മാത്രം ആർടിപിസിആർ ചെയ്താൽ മതി. 

അയർലൻഡിൽ വാക്സീനെടുത്ത് എത്തുന്ന യാത്രികർക്ക് കോവിഡ് പരിശോധനാ ഫലം വേണ്ടെന്ന് തീരുമാനമായി. തായ്‌ലൻഡിൽ ആൾക്കൂട്ടങ്ങൾക്കും മദ്യവിൽപനയ്ക്കും വിലക്കേർപ്പെടുത്തി. ചൈനയിലെ ഷെൻഷുവിൽ കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിൽ വസിക്കുന്ന 1.3 കോടി ആളുകളും പരിശോധന നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഇസ്രയേലിൽ വൈറസ് പടരുന്നു. ഇവയിൽ ഭൂരിഭാഗവും ഒമിക്രോൺ വകഭേദമാണ്.

ഒമിക്രോൺ 139 രാജ്യങ്ങളിൽ

139 രാജ്യങ്ങളിലേക്കു വ്യാപിച്ച ഒമിക്രോൺ വഴി 4.70 ലക്ഷം കേസുകൾ ലോകത്താകെ സ്ഥിരീകരിച്ചു. ബ്രിട്ടൻ (2.47 ലക്ഷം), ഡെന്മാർക്ക് (57,125), യുഎസ് (42,539) എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. 108 മരണം മാത്രമാണ് ഈ വകഭേദം മൂലം റിപ്പോർട്ട് ചെയ്തത്.

English Summary: Covid spike worldwide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com