ADVERTISEMENT

ലണ്ടൻ ∙ അടുത്ത 6 – 8 ആഴ്ചകൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേരെ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചേക്കാമെന്നു ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലജ് മുന്നറിയിപ്പു നൽകി. ഈ മാസം ആദ്യവാരം മാത്രം 70 ലക്ഷം കേസുകളാണു യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത്.

യുഎസിൽ ഇന്നലെ മാത്രം 13.5 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ നിന്നുള്ള അറുപതിലധികം വിമാനസർവീസുകൾ ചൈന റദ്ദാക്കി. സെർബിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് പോർഫിറീജ് (60) കോവിഡ് പോസിറ്റീവായി.

ഇതിനിടെ, ബ്രിട്ടനിലെ ആദ്യ ലോക്ഡൗൺ കാലയളവിൽ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ മദ്യസൽക്കാരം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വെട്ടിലായി. ബോറിസിന്റെ പഴ്സനൽ സെക്രട്ടറി പാർട്ടിക്കു ക്ഷണിച്ചുകൊണ്ട് അയച്ച മെയിലുകൾ പുറത്തായതോടെയാണ് ഇത്.

കോവിഡ് ഭീഷണി തള്ളിക്കളയേണ്ട

കോവിഡിന്റെ തീവ്രത കുറഞ്ഞെന്നും ഇനി മറ്റു പനികളെപ്പോലെ കാണുകയാണു വേണ്ടതെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതിനു സമയമായില്ലെന്നും വൈറസ് എങ്ങനെയൊക്കെ പരിണമിക്കുമെന്നത് അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

പോളണ്ടിൽ ലക്ഷം മരണം

വാക്സീൻ കുത്തിവയ്പ്പെടുത്തവരുടെ എണ്ണം മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച കുറവായ പോളണ്ടിൽ കോവി‍ഡ് മൂലമുള്ള മരണം ഒരു ലക്ഷം കടന്നു. ആരോഗ്യപ്രവർത്തകരുടെ കുറവും പോളണ്ടിനെ അലട്ടുന്നുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നിവയാണ് കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങൾ.

Content Highlight: Omicron Variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com