ADVERTISEMENT

ലണ്ടൻ ∙ ആദ്യ ലോക്ഡൗൺ കാലത്ത് മദ്യവിരുന്നിൽ പങ്കെടുത്തതിനു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ, എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ സംസ്കാരച്ചടങ്ങിനു തലേന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാർ ഡോണിങ് സ്ട്രീറ്റിൽ മദ്യസൽക്കാരം നടത്തിയെന്ന വിവരം പുറത്തുവന്നു. 

കൂട്ടംചേരുന്നതിനു കർശന വിലക്കുണ്ടായിരുന്ന സമയത്താണിത്. പാർട്ടി നടത്തിയതിനു പ്രധാനമന്ത്രിയുടെ ഓഫിസ് ബക്കിങ്ങാം കൊട്ടാരത്തോടു മാപ്പു പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണു ബോറിസ് ജോൺസൻ അഭിമുഖീകരിക്കുന്നത്. 

2020 മേയിൽ യുകെ കർശന ലോക്ഡൗണിലായിരിക്കെ, പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന മദ്യവിരുന്നിൽ പങ്കെടുത്തതിനു കഴിഞ്ഞയാഴ്ച ജോൺസൻ ക്ഷമാപണം നടത്തിയിരുന്നു. അദ്ദേഹം രാജിവയ്ക്കണമെന്ന സമ്മർദം പ്രതിപക്ഷവും ഭരണപക്ഷത്തെ ഒരുവിഭാഗവും ശക്തമാക്കുന്നതിനിടെയാണ് 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ യാത്രയയപ്പുമായി ബന്ധപ്പെട്ട് രണ്ടു മദ്യസൽക്കാരം നടന്നുവെന്നു ‘ദ് ടെലിഗ്രാഫ്’ പത്രം റിപ്പോർട്ട് ചെയ്തത്. പിറ്റേന്നായിരുന്നു ഫിലിപ് രാജകുമാരന്റെ സംസ്കാരച്ചടങ്ങുകൾ. എന്നാൽ, ഈ വിരുന്നുകളിൽ ജോൺസൻ പങ്കെടുത്തിട്ടില്ല.

ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും കുറഞ്ഞത് 11 മദ്യവിരുന്നുകളെങ്കിലും നടന്നിട്ടുണ്ടെന്നാണു വാർത്തകൾ. സർക്കാർതല കോവിഡ് ചട്ട ലംഘനങ്ങൾ സംബന്ധിച്ചു മുതിർന്ന ഉദ്യോഗസ്ഥയായ സൂ ഗ്രേയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. ഈ മാസാവസാനം റിപ്പോർട്ട് സമർപ്പിക്കും.

ജോൺസനെ വെട്ടിലാക്കിയ വെളിപ്പെടുത്തലുകൾ

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ പ്രതിസന്ധിയിലാക്കിയ ലോക്ഡൗൺ കാലത്തെ മദ്യവിരുന്നുകൾ സംബന്ധിച്ച ബ്രിട്ടിഷ് മാധ്യമ വെളിപ്പെടുത്തലുകളുടെ നാൾവഴികൾ:

∙നവംബർ 30– ആദ്യ ലോക്ഡൗൺ കാലത്ത്, 2020 ഡിസംബറിൽ, ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയിൽ അടക്കം മന്ത്രിഭവനങ്ങളിൽ ക്രിസ്മസ് പാർട്ടികൾ നടന്നുവെന്നു ‘ദ് മിറർ’ റിപ്പോർട്ട് ചെയ്യുന്നു.

ക്രിസ്മസ് പാർട്ടി നടന്നില്ലെന്ന ജോൺസന്റെ വാദത്തിനിടെ പ്രധാനമന്ത്രിയുടെ ഓഫിസ് സ്റ്റാഫ് വിരുന്നിനെപ്പറ്റി തമാശ പറയുന്ന വിഡിയോ ഡിസംബർ 7നു പുറത്തുവരുന്നു. 

∙ഡിസംബർ 8– സംഭവത്തിൽ ബോറിസ് ജോൺസൻ ക്ഷമാപണം നടത്തുന്നു. പ്രസ് സെക്രട്ടറി അലിഗ്ര സ്ട്രാറ്റൻ രാജിവയ്ക്കുന്നു.

∙ഡിസംബർ 9– ആഘോഷ പാർട്ടികൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ സൈമൺ കെയ്സിനെ നിയോഗിക്കുന്നു.

∙ഡിസംബർ 17– സൈമൺ കെയ്സിന്റെ ഓഫിസിലും മദ്യസൽക്കാരം നടന്നതായി ആക്ഷേപം ഉയർന്നതോടെ അദ്ദേഹം രാജിവയ്ക്കുന്നു. പകരം സൂ ഗ്രേയെ നിയമിക്കുന്നു.

∙ ഡിസംബർ 19– ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തിൽ ബോറിസ് ജോൺസൻ അടക്കമുള്ളവർ പങ്കെടുത്ത മദ്യസൽക്കാരത്തിന്റെ ഫോട്ടോ ‘ദ് ഗാർഡിയൻ’ ദിനപത്രം പുറത്തുവിടുന്നു. 2020 മേയ് 15 ന് എടുത്ത ചിത്രമാണിതെന്നും റിപ്പോർട്ടിൽ. മദ്യസൽക്കാരമല്ല നടന്നതെന്നും പ്രധാനമന്ത്രിയുടെ ന്യായീകരണം

∙ ജനുവരി 10– മദ്യസൽക്കാരത്തിലേക്കു ക്ഷണിച്ചുകൊണ്ട് ബോറിസ് ജോൺസന്റെ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്നോൾഡ്സ് നൂറിലേറെ ഡോണിങ് സ്ട്രീറ്റ് ജീവനക്കാർക്ക് അയച്ച ഇമെയിൽ ടിവി ചാനൽ പുറത്തുവിടുന്നു.

∙ ജനുവരി 12– 2020 മേയ് 20ന്റെ ഡോണിങ് സ്ട്രീറ്റിലെ ഉദ്യാന മദ്യവിരുന്നിൽ പങ്കെടുത്തതായി ബോറിസ് ജോൺസൻ പാർലമെന്റിൽ സമ്മതിക്കുന്നു. ക്ഷമാപണം നടത്തുന്നു. മദ്യവിരുന്ന് എന്നറിയാതെയാണു അവിടെ പോയതെന്നും വിശദീകരണം.

∙ ജനുവരി 14– 2021 ഏപ്രിലിൽ, ഫിലിപ് രാജകുമാരന്റെ സംസ്കാരത്തിനു തലേന്നു 2 മദ്യവിരുന്നുകൾ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നതായി ‘ദ് ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. 

ജോൺസനു പകരം ഋഷി സുനക് ?

ലണ്ടൻ ∙ കോവിഡ് ചട്ട ലംഘനങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവയ്ക്കേണ്ടിവന്നാൽ, ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനകിനാണ് (41) ഏറ്റവും സാധ്യതയെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടനിലെ അധികാരശ്രേണിയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ അടുത്തയാൾ ധനമന്ത്രിയാണ്. നോർത്ത് യോർക്‌ഷറിലെ റിച്ച്മണ്ടിൽ നിന്നുളള കൺസർവേറ്റീവ് പാർട്ടി എംപിയായ ഋഷി, തെരേസ മേ മന്ത്രിസഭയിൽ ഭവനകാര്യ സഹമന്ത്രിയായിരുന്നു. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണു ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ.

സുനക് കഴിഞ്ഞാൽ, വിദേശകാര്യ മന്ത്രി ലിസ് ട്രസിനും കാബിനറ്റ് മന്ത്രി മൈക്കിൾ ഗോവിനും വാതുവയ്പുകാർ സാധ്യത കൽപിക്കുന്നു. മുൻ വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്, ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ, പാക്ക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദ് എന്നിവരുടെയും പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയൻ വിടാനുള്ള ജോൺസന്റെ ബ്രെക്സിറ്റ് നയത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു സുനക്. പക്ഷേ, കോവിഡ് ചട്ടലംഘനങ്ങളുടെ പേരിൽ ബോറിസ് ജോൺസൻ കടുത്ത വിമർശനം നേരിടുമ്പോൾ, സുനക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച, പ്രധാനമന്ത്രി പാർലമെന്റിൽ ക്ഷമാപണം നടത്തുമ്പോൾ സുനക് സഭയിൽ ഇല്ലായിരുന്നു. മണിക്കൂറുകൾക്കുശേഷം അദ്ദേഹം ഒരു ട്വീറ്റിലൂടെ ക്ഷമാപണം ഉചിതമായെന്നാണു പ്രതികരിച്ചത്.

English Summary: Boris Johnson in crisis over violations of covid rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com