ADVERTISEMENT

അബുദാബി/റിയാദ്∙ 3 പേർ മരിച്ച ഹൂതി ഡ്രോൺ ആക്രമണം അബുദാബിയിൽ നടന്നതിനു പിന്നാലെ യുഎഇ ഉൾപ്പെട്ട സൗദി സഖ്യസേന യെമന്റെ തലസ്ഥാനമായ സനയിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി. 80 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. മാരിബ്, അൽ ജ്വാഫ് മേഖലകളിൽ 17 തവണ വ്യോമാക്രമണം നടത്തി. അതേസമയം, അബുദാബി പെട്രോളിയം കമ്പനിയായ അഡ്നോക്കിന്റെ സംഭരണകേന്ദ്രത്തിനും വിമാനത്താവളത്തിനു സമീപവും കഴിഞ്ഞ ദിവസം നടന്ന ഹൂതി ആക്രമണത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ ഇന്നലെയും വെളിപ്പെടുത്തിയില്ല. ബോംബുകൾ ഘടിപ്പിച്ച 3 ഡ്രോണുകൾ ഉപയോഗിച്ചാണു ഹൂതികൾ അബുദാബിയിൽ ആക്രമണം നടത്തിയതെന്നു സഖ്യസേനാ വക്താവ് പറഞ്ഞു.  സൗദിയിലേക്കു ഹൂതികൾ നടത്തിയ 8 ഡ്രോൺ ആക്രമണങ്ങൾ നിർവീര്യമാക്കി.

അബുദാബി സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും യുഎഇ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മനോരമയോടു പറഞ്ഞു. 

2 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയും മരിച്ചെന്നു മാത്രമാണ് യുഎഇ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുളളത്. തീവ്രതയേറിയ ആക്രമണമാണുണ്ടായതെന്നാണ് സൂചന. ഇപ്പോഴും പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും നടക്കുകയാണ്. സൈനിക വാഹനങ്ങൾ സ്ഥലത്തു റോന്ത് ചുറ്റുന്നുണ്ട്. ഇതിനിടെ, ദുബായിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചു.

ഹൂതി ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. യുഎഇ വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സയീദ് അൽ നഹ്യാൻ ഇന്ത്യക്കാരുടെ മരണത്തിൽ അദ്ദേഹത്തോട് ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തെ ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും അപലപിച്ചു.

English Summary: Saudi Arabia hits back at Houthi rebels after UAE drone attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com