ADVERTISEMENT

വാഷിങ്ടൻ ∙ ന്യൂയോർക്കിലുള്ള സ്ത്രീക്കു മൂലകോശ മാറ്റം വഴി എച്ച്ഐവി ബാധ മാറിയതായി യുഎസിലെ ഡെൻവറിൽ വൈദ്യശാസ്ത്ര സമ്മേളനത്തിൽ ഗവേഷകർ വെളിപ്പെടുത്തി. രക്താർബുദ ചികിത്സയ്ക്കായി ഇവർ മൂലകോശം സ്വീകരിച്ചിരുന്നു. എച്ച്ഐവിയോടു സ്വാഭാവികമായ പ്രതിരോധമുള്ളയാളായിരുന്നു മൂലകോശ ദാതാവ്. ഇതിനുശേഷം 14 മാസമായി ഇവരിൽ എച്ച്ഐവി ബാധയില്ല.

ഇതോടെ മൂലകോശമാറ്റം വഴി എച്ച്ഐവിയിൽ നിന്ന് മുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ സ്ത്രീയുമായി ഇവർ. 2011ൽ യുഎസിൽ നിന്നുള്ള തിമോത്തി റേ ബ്രൗണിനും 2020ൽ ലണ്ടനിൽ നിന്നുള്ള ആഡം കാസ്റ്റിലെജോയ്ക്കും ഈ രീതിയിൽ ശമനം ലഭിച്ചിരുന്നു. മജ്ജയിൽ നിന്നുള്ള മൂലകോശങ്ങളാണ് ഇവർക്ക് ഉപയോഗിച്ചത്. എന്നാൽ പൊക്കിൾക്കൊടി (അംബിലിക്കൽ കോഡ്) രക്തത്തിലെ മൂലകോശങ്ങൾ ഉപയോഗിച്ചാണ് ന്യൂയോർക്കിലെ സ്ത്രീക്കു ചികിത്സ നടത്തിയത്.

വൈറസ് ആക്രമിക്കാത്തതിനാൽ മുക്തി നേടി എന്നു പറയാമെങ്കിലും എച്ച്ഐവിയുടെ അംശങ്ങൾ ചെറിയ അളവിൽ ദേഹത്തുണ്ടാകാമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇതു പിന്നീടു വീണ്ടും എച്ച്ഐവിക്കു വഴി വയ്ക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. സങ്കീർണതയും ഉയർന്ന അപകടസാധ്യതയും മൂലം ഈ ചികിത്സ എച്ച്ഐവിക്കായുള്ള പൊതുമാർഗമാക്കാനും ഇപ്പോൾ പറ്റില്ലെന്നു ഗവേഷകർ പറയുന്നു.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി ഉപയോഗിച്ചും രണ്ട് രോഗികളിൽ എച്ച്ഐവി സുഖപ്പെട്ടതായി നേരത്തെ സ്ഥിരീകരണമുണ്ട്. യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ 2020ലും അർജന്റീനയിലെ എസ്പരാൻസ പട്ടണത്തിൽ കഴിഞ്ഞ വർഷവുമാണ് ഇതുണ്ടായത്.

 

English Summary: Woman cured of HIV after stem cell transplant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com