ഉപരോധ വലയത്തിൽ റഷ്യ; ഇന്ധനവില ബാരലിന് 300 ഡോളറാകുമെന്ന് താക്കീത്

RUSSIA-VOTE-PUTIN-VICTORY
വ്ലാഡിമിർ പുട്ടിൻ
SHARE

ലണ്ടൻ ∙ വൻകിട ഊർജ കമ്പനിയായ ഷെൽ, റഷ്യയിൽ നിന്നുള്ള എണ്ണ, പാചകവാതകം എന്നിവ വാങ്ങില്ലെന്ന് അറിയിച്ചു. റഷ്യയിലെ സർവീസ് സ്റ്റേഷനുകൾ ഉൾപ്പെടെ നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ഷെൽ റഷ്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങിയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ ഷെൽ ക്ഷമാപണം നടത്തി. റഷ്യയിലെ സഖാലിൻ പ്രകൃതി വാതക പ്ലാന്റിൽ ഷെല്ലിന് 27.5% ഓഹരിയുണ്ട്. 

യുഎസിൽ ഇന്നലെ പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലെത്തി. ഗ്യാലന് ശരാശരി 4.173 ഡോളർ എന്നതായിരുന്നു ഇന്നലത്തെ വില. റഷ്യയ്ക്കു മേൽ യുഎസ് ഉൾപ്പെടെ രാജ്യങ്ങൾ നടപ്പാക്കിയ ഉപരോധങ്ങളാണ് ഇതിനു വഴിവച്ചത്. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ ജർമനിയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ അടയ്ക്കുമെന്നും ഇന്ധനവില ബാരലിന് 300 ഡോളർവരെയാകുമെന്നും റഷ്യ താക്കീത് നൽകി. ഇതിനിടെ, യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം വൻ ഇടിവ് നേരിട്ട റൂബിൾ സ്ഥിരത നേടുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഇതുവരെ ഡോളറുമായുള്ള താരതമ്യത്തിൽ റൂബിളിന് 40% വിലയിടിഞ്ഞു. 

വിദേശകമ്പനികളെ ദേശസാൽക്കരിക്കണം

യുദ്ധത്തെത്തുടർന്ന് റഷ്യയിൽ പ്രവർത്തനം മരവിപ്പിച്ച വിദേശ കമ്പനികളുടെ ഫാക്ടറികൾ ദേശസാൽക്കരിക്കണമെന്ന് റഷ്യയിലെ ഭരണ പാർട്ടിയായ യുണൈറ്റഡ് റഷ്യയുടെ ജനറൽ കൗൺസിൽ സെക്രട്ടറി ആന്ദ്രേ തുർചാക് നിർദേശിച്ചു. ടൊയോട്ട, നൈക്കി തുടങ്ങി ഒട്ടേറെ ആഗോള കമ്പനികൾ റഷ്യയിലെ പ്രവർത്തനം നിർത്തിയിട്ടുണ്ട്. 

കുതിച്ചുയർന്ന് നിക്കൽ വില

ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ നിക്കൽ ലോഹത്തിന്റെ വില മണിക്കൂറുകൾക്കുള്ളിൽ കുതിച്ചുയർന്ന് ഇരട്ടിയായി. ഈ ലോഹത്തിന്റെ ഏറ്റവും വലിയ ഉൽപാദകരും വിതരണക്കാരും റഷ്യയാണ്. ടണ്ണിന് 101,365 ഡോളറാണ് ഇന്നലത്തെ ഉയർന്ന വില. തുടർന്ന് താൽക്കാലികമായി ട്രേഡിങ് നിർത്തി. 

ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ വ്യവസായ പ്രമുഖർ, രാഷ്ട്രീയക്കാർ, റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിലെ 3 ബാങ്കുകൾ എന്നിവർക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ. ഇതിന്റെ കരടിന് യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് രൂപം നൽകി. ബെലാറൂസിലെ ബാങ്കുകളെ സ്വിഫ്റ്റ് സംവിധാനത്തിൽ നിന്നു പുറത്താക്കിയേക്കും. 

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS