ADVERTISEMENT

ഹോങ്കോങ്ങിൽ കോവ‍ിഡ് പടരുന്നു. 74 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ ആകെ കേസുകൾ 10 ലക്ഷം കവിഞ്ഞു. ആശുപത്രികൾ നിറഞ്ഞു. ‍ദക്ഷിണ കൊറിയയിൽ പ്രതിദിന കേസുകൾ 6 ലക്ഷം കടന്നു. ജർമനിയിൽ 3 ലക്ഷത്തോളം. ഫ്രാൻസ് (1 ലക്ഷം), യുകെ (89,000), ഇറ്റലി (79,000) എന്നിവിടങ്ങളിലും രോഗം നിയന്ത്രിക്കാനായിട്ടില്ല. ജപ്പാനിലും ഓസ്ട്രിയയിലും പ്രതിദിന കേസുകൾ അരലക്ഷത്തിലേറെയാണ്.

ഇതേസമയം, കോവിഡ് കേസുകൾ വർധിക്കുന്നെങ്കിലും ഗുരുതരാവസ്ഥ ഒഴിവായെന്ന വിലയിരുത്തലിൽ യുകെ, കാനഡ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചു. ഈസ്റ്റർ അവധിയും ടൂറിസം മേഖലയുടെ പുനരുജ്ജീവനവും കണക്കിലെടുത്താണിത്. രാജ്യങ്ങളിലെ നില.

നിയന്ത്രണങ്ങൾ കടുപ്പിച്ചത്

ഹോങ്കോങ് ∙ ഇന്നലെ മാത്രം 20,079 കേസുകൾ. ഫെബ്രുവരിക്കു ശേഷം ഇതുവരെ 5,401 മരണം. ചൈനയിലെക്കാൾ (4,636) കൂടുതൽ. മരിക്കുന്നതേറെയും വാക്സിനേഷൻ പൂർത്തിയാകാത്ത പ്രായമായവരെന്നു റിപ്പോർട്ട്. പുതിയ സാഹചര്യത്തിൽ യുകെ, യുഎസ് ഉൾപ്പെടെ 9 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു നിയന്ത്രണം. മടങ്ങിയെത്തുന്ന ഹോങ്കോങ്ങുകാർക്ക് 2 ആഴ്ച ക്വാറന്റീൻ നിർബന്ധം.സ്കൂൾ, ബീച്ച്, ജിം എന്നിവ അടച്ചു.

ചൈന ∙ ആകെ കേസുകൾ 1,26,234. രോഗലക്ഷണങ്ങളില്ലാത്തവ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. ഹോങ്കോങ്ങിലെ പാഠം ഉൾക്കൊണ്ട് കുത്തിവയ്പ് അടിയന്തരമായി പൂർത്തിയാക്കാൻ പ്രായമായവരോട് അഭ്യർഥിച്ചു. 60 വയസ്സിൽ കൂടുതൽ പ്രായമുള്ള 5.2 കോടി പേർ പ്രാഥമിക കുത്തിവയ്പ് പൂർത്തിയാക്കിയിട്ടില്ല. പ്രധാന വാണിജ്യ നഗരമായ ഷാങ്ഹായിയിൽ കോവിഡ് ടെസ്റ്റുകൾ വ്യാപകമാക്കിയെങ്കിലും ചില ജില്ലകളിൽ ലോക്ഡൗൺ ഇളവു ചെയ്തിട്ടുണ്ട്.

നിയന്ത്രണങ്ങളിൽ ഇളവ്

തായ്‌ലൻഡ് ∙ പ്രതിദിന കോവി‍ഡ് കേസുകൾ ഉയർന്ന നിലയിൽ (27,071) ആണെങ്കിലും യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്. വിദേശയാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റ് അവസാനിപ്പിക്കുന്നു.

യുകെ ∙ രാജ്യാന്തര യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്. വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്കുള്ള മുൻകൂർ ടെസ്റ്റുകളും ഒഴിവാക്കി.  

കാനഡ∙ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് രാജ്യത്തേക്കു പ്രവേശിക്കാൻ ഏപ്രിൽ 1 മുതൽ കോവിഡ് പരിശോധന ഒഴിവാക്കി.

ജർമനി∙  നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നു. 20 മുതൽ സ്കൂളുകളിലും പൊതുസ്ഥലത്തും മാസ്ക് നിർബന്ധമല്ല. 

ഇറ്റലി ∙ നിയന്ത്രണങ്ങൾ മാർച്ച് 31ന് അവസാനിക്കുന്നു

ജാഗ്രത വെടിയരുതെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ തെക്കുകിഴക്കൻ ഏഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കൂടുന്നതിനിടെ, ജാഗ്രത കൈവിടരുതെന്ന് ഓർമിപ്പിച്ച് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തെഴുതി. പുതിയ വകഭേദങ്ങൾ ഉണ്ടോയെന്നറിയാൻ വ്യാപകമായി ജനിതക ശ്രേണീകരണം നടത്താനാണു നിർദേശം.

കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ വിപണിയും സാമ്പത്തിക പ്രവർത്തനങ്ങളും സജീവമാക്കുമ്പോൾ കോവിഡ് പരിശോധന, സമ്പർക്ക രോഗികളെ കണ്ടെത്തൽ, പരിശോധന, പ്രതിരോധ മാർഗങ്ങൾ, വാക്സീൻ തുടങ്ങിയവ കൈവിടരുതെന്നു കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം 2528 കേസുകളും 149 മരണവുമാണു പുതുതായി രാജ്യത്തു റിപ്പോർട്ട് ചെയ്തത്. പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 29,181 ആണ്. 685 ദിവസത്തിനു ശേഷമാണ് ഇന്ത്യയിൽ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 30,000 താഴേക്ക് എത്തുന്നത്.

English Summary: Covid surge in Hong Kong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com