ലങ്കയിൽ കലാപം; മഹിന്ദ രാജിവച്ചു, ജനക്കൂട്ടം വളഞ്ഞതോടെ ഭരണകക്ഷി എംപി സ്വയം വെടിവച്ചു മരിച്ചു

HIGHLIGHTS
  • സർക്കാർ അനുകൂലികളുടെ ആക്രമണത്തിൽ 140 സമരക്കാർക്കു പരുക്ക്
  • എംപിയുടെയും മുൻമന്ത്രിയുടെയും വീടുകൾക്കു തീവച്ചു
SRI LANKA-UNREST-TALKS-RAJAPAKSE
മഹിന്ദ രാജപക്സെ
SHARE

കൊളംബോ ∙ ജനകീയ പ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും അതിനെ നേരിടാനുള്ള ഭരണാനുകൂലികളുടെ ജാഥകളും രാജ്യമെങ്ങും അക്രമാസക്തമായതോടെയാണ് രാജിവയ്ക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായത്. 

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്എൽപിപി) പാർട്ടിയുടെ എംപി അമരകീർത്തി അതുകോറല നിട്ടംബുവയിൽ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം വെടിവച്ചു മരിച്ചു. എംപിയുടെ വെടിയേറ്റ 2 പേരിൽ ഒരാൾ മരിച്ചു. എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തി. രാജ്യമെങ്ങും കർഫ്യൂ പ്രഖ്യാപിച്ചു. അക്രമം നിയന്ത്രിക്കാൻ കൊളംബോയിൽ സൈന്യമിറങ്ങി. 

പ്രധാനമന്ത്രിയുടെ ടെംപിൾ ട്രീസ് വസതിക്കു സമീപം ഏപ്രിൽ 9 മുതൽ സമരം നടത്തുന്ന ജനക്കൂട്ടത്തിനു നേരെ സർക്കാർ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ 140 പേർക്കു പരുക്കേറ്റു. വീടിനു മുന്നിൽ ബസിൽ വന്നിറങ്ങിയവർ സമരക്കാരുടെ ടെന്റുകൾ നശിപ്പിച്ചും സർക്കാർ വിരുദ്ധ ബാനറുകൾ വലിച്ചുകീറിയും പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സർക്കാ‍ർ അനുകൂലികളും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ചോര ചിന്തി. സനത് നിഷാന്ത എംപിയുടെയും മുൻ മന്ത്രി ജോൺസ്റ്റൻ ഫെർനാൻഡോയുടെയും വീടുകൾക്കു തീവച്ചു. നിട്ടംബുവയിൽ ജനക്കൂട്ടം കാർ തടഞ്ഞപ്പോൾ അവർക്കു നേരെ വെടിവച്ച ശേഷം ഇറങ്ങിയോടിയ അമരകീർത്തി സമീപത്തെ കെട്ടിടത്തിൽ അഭയം തേടി. അവിടെയും ജനക്കൂട്ടം വളഞ്ഞപ്പോഴാണു സ്വയം ജീവനെടുത്തത്. 

srilanka-clash

സർവകക്ഷി സർക്കാരിന് വഴിതുറക്കുന്നു

ഇടക്കാല സർവകക്ഷി സർക്കാരിനു വേണ്ടിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ഇളയ സഹോദരനും ശ്രീലങ്ക പ്രസിഡന്റുമായ ഗോട്ടബയ രാജപക്സെയ്ക്കു നൽകിയ രാജിക്കത്തിൽ മഹിന്ദ പറഞ്ഞു. രാജപക്സെ കുടുംബം തലപ്പത്തുള്ള ഒരു സർക്കാരിന്റെയും ഭാഗമാകില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി ഭക്ഷ്യ, ഇന്ധന ക്ഷാമത്തിൽ നട്ടം തിരിയുന്ന ശ്രീലങ്കയിൽ 2 മാസം മുൻപാണു ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. 

SRI LANKA-POLITICS-UNREST-ECONOMY
കൊളംബോയിൽ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ സൈനിക വാഹനത്തിനു സർക്കാർ വിരുദ്ധ പ്രക്ഷോഭകർ തീയിട്ടപ്പോൾ. ചിത്രം: എഎഫ്‌പി

English Summary :Sri Lankan PM Mahinda Rajapaksa resigns amid economic crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA