ADVERTISEMENT

ഹർകീവ് ∙  വടക്കു കിഴക്കൻ യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ ഒന്നൊന്നായി കനത്ത പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ സേന അതിർത്തിയിലേക്കു പിൻവാങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും അവരുടെ സപ്ലൈ ലൈനുകൾ തകർക്കാനായെന്നും അറിയിച്ചു. ഹർകീവിനു സമീപമുള്ള ചെർകാസ്കി, റസ്കി, ബോഷ്ച്ചോവ, സ്ലോബൊഷാൻസ്കെ ജനവാസകേന്ദ്രങ്ങൾ തിരിച്ചുപിടിച്ചു. ഹർകീവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഇസ്യൂം പട്ടണത്തിൽ മാർച്ചിൽ മിസൈലേറ്റ് തകർന്ന 5 നില കെട്ടിടത്തിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹർകീവിലെ വിജയം നിർണായകമാകുമെന്നും ഇതു യുദ്ധത്തിന്റെ ഗതിതന്നെ മാറ്റിയേക്കാമെന്നും അവകാശപ്പെട്ടു.

പ്രതീക്ഷിച്ചതുപോലെ മുന്നേറാനാവാത്തത് റഷ്യയെ അങ്കലാപ്പിലാക്കുന്നുണ്ട്. മരിയുപോൾ നഗരം പിടിച്ച് ഒരാഴ്ചയിലേറെ ആയിട്ടും അവിടെ അസോവ്സ്റ്റാൽ ഉരുക്കുനിർമാണശാല ഒളിയിടമാക്കി പൊരുതുന്ന രണ്ടായിരത്തോളം യുക്രെയ്ൻ പോരാളികളെ കീഴടക്കാനാവുന്നില്ല. ഉരുക്കുശാലയ്ക്കുനേരെ റഷ്യ ഇന്നലെയും കനത്ത ആക്രമണം തുടർന്നു. ഡോൺ‌ബാസിലെ യുക്രെയ്ൻ സേനയെ വളഞ്ഞ് കീഴടക്കാനുള്ള ശ്രമവും പാളി. തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ കനത്ത മിസൈൽ ആക്രമണം തുടരുന്നു. യൂറോപ്പിൽ നിന്ന് യുക്രെയ്നിലേക്ക് വൻതോതിൽ ആയുധങ്ങളും മറ്റുമെത്തുന്നതു തടയാനും ഇവിടെനിന്ന് യൂറോപ്പിലേക്കുള്ള ധാന്യക്കയറ്റുമതി നിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

‘വിജയദിന’ത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. റഷ്യയുടെ തന്ത്രങ്ങൾ പാളുന്നതിന്റെ സൂചനയായി ഇതു വിലയിരുത്തപ്പെടുന്നു.വൻ സൈബർ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി യുഎസ്, ബ്രിട്ടിഷ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com